ഭരണഘടനയെ അവഹേളിച്ച മന്ത്രിയെ പുറത്താക്കണം; അല്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടിക്ക്: വി ഡി സതീശന്‍





വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
 


തിരുവനന്തപുരം: ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ ശില്‍പ്പികളെയാണ് മന്ത്രി അവഹേളിച്ചത്. സജി ചെറിയാന്‍ രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. അല്ലെങ്കില്‍ പ്രതിപക്ഷം നിയമവഴി തേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

മന്ത്രി സജി ചെറിയാന്റെ വിവാദപരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ജനാധിപത്യം, മതേതരത്വം എന്നിവയെയും മന്ത്രി അവഹേളിച്ചു. ഇതിനെ കുന്തവും കുടച്ചക്രവും എന്നാണ് മന്ത്രി അധിക്ഷേപിച്ചത്. ഇത്തരമൊരു പ്രസ്താവന നടത്തിയ മന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ല.

കോടതികളെയും ഭരണഘടനാ സംവിധാനങ്ങളെയുമെല്ലാം മന്ത്രി അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത്. സര്‍ക്കാരിന് എന്തുപറ്റിയെന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് വിഭ്രാന്തിയും വെപ്രാളവും ഭീതിയുമാണ്. നിയമസഭയില്‍ മന്ത്രിയുടെ പ്രസ്താവന തീര്‍ച്ചയായും ഉന്നയിക്കും. അതിനു മുമ്പ് മന്ത്രി രാജിവെക്കുമോയെന്ന് നോക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

എന്തിനാണ് ഭരണഘടനയുടേയും ഭരണഘടനാ ശില്‍പ്പികളുടേയും മെക്കിട്ട് കയറുന്നത്. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്നും വിഷയം മാറ്റാനുള്ള ശ്രമമാണിതൊക്കെ. അതിനായി ഭരണഘടനയെ തെരഞ്ഞെടുത്തതും ഭരണഘടനാശില്‍പ്പികളെ അവഹേളിച്ചതും ക്രൂരമായിപ്പോയെന്നും വി ഡി സതീശന്‍ പറഞ്ഞു. 


أحدث أقدم