വത്തിക്കാൻ: മാര്‍ക്സിസ്റ്റ് ചിന്താഗതിയും കത്തോലിക്കാ വിശ്വാസവും പരസ്പരം കൂട്ടിക്കലര്‍ത്തുന്നതു തെറ്റാണെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. ഇത് ആശയപരമായ മുതലെടുപ്പാണെന്നായിരുന്നു മാര്‍പാപ്പയുടെ വാദം. ജന്മനാടായ അര്‍ജൻ്റീനയിലെ ഒരു വാര്‍ത്താ ഏജൻസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍പാപ്പയായി പത്ത് വര്‍ഷം തികയ്ക്കുന്ന സാഹചര്യത്തിൽ തന്‍റെ അര്‍ജൻ്റീനിയൻ ബന്ധങ്ങൾ വത്തിക്കാനെ എങ്ങനെ സ്വാധീനിച്ചു എന്നായിരുന്നു ലേഖകൻ്റെ ചോദ്യം. എന്നാൽ വാര്‍ത്താ ഏജൻസിയായ ടേലാമിൻ്റെ ചോദ്യത്തിന് കൂടുതലും രാജ്യത്തെ സഭയുടെ ചരിത്രത്തെപ്പറ്റിയാണ് മാര്‍പാപ്പ സംസാരിച്ചത്.
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ വേരോട്ടമുള്ള ലാറ്റിനമേരിക്കയിലെ സഭയ്ക്ക ജനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു മാര്‍പാപ്പയുടെ നിരീക്ഷണം. സഭയിലെ വൈദികര്‍ പ്രധാനയോഗങ്ങൾ നടക്കുമ്പോഴെല്ലാം ജനങ്ങളുമായി സംസാരിക്കും. ഇത് വളരെ സഹായകമായ മാതൃകയാണ്. ദൈവജനത്തിൻ്റേതാണ് സഭയെന്നും മാര്‍പാപ്പ പറഞ്ഞു. അതേസമയം, ലാറ്റിനമേരിക്കൻ ജനതയുമായി സഭയ്ക്ക് അടുത്ത ബന്ധമുണ്ട് എന്നതിനെ രാഷ്ട്രീയബന്ധമായി തെറ്റിദ്ധരിക്കരുത് എന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
ചരിത്രപരമായി യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്ന വത്തിക്കാൻ്റെ പുരോഗമന മുഖമായാണ് ഫ്രാൻസിസ് മാര്‍പാപ്പ അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ പുരോഗമനപരമെന്ന് വിലയിരുത്തപ്പെട്ട പല പ്രസ്താവനകള്‍ക്കു പിന്നാലെയും അദ്ദേഹത്തിൻ്റെ ലാറ്റിനമേരിക്കൻ പാരമ്പര്യവും ഇടതുപക്ഷ ചായ്വും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ പലപ്പോഴും കത്തോലിക്കാ സഭയ്ക്ക് ചേരുന്ന മട്ടിൽ യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ തന്നെയാണ് ഫ്രാൻസിസ് മാര്‍പാപ്പയും പിന്തുടര്‍ന്നത്.
സഭയിൽ വിശ്വാസികളെ അടിച്ചമര്‍ത്തുന്ന സമയത്താണ് കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രചാരം കിട്ടുന്നത് എന്നാണ് മാര്‍പാപ്പയുടെ നിരീക്ഷണം. ആളുകള്‍ക്ക് സ്വന്തം ആശയങ്ങൾ പറയാൻ സാധിക്കാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സഭയിൽ മുതലാളികമാരും വിശ്വാസികളെ അടക്കി ഭരിക്കുന്നവരും ഉണ്ടാകുമ്പോഴാണ് ഇത്തരം സാഹചര്യം ഉണ്ടാകുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി അടുത്ത ബന്ധമുള്ള ക്രൈസ്തവ ചിന്താധാരയായ ലിബറേഷൻ തിയോളജിയെപ്പറ്റിയും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.
"യാഥാര്‍ഥ്യത്തെ വിലയിരുത്താൻ ലിബറേഷൻ തിയോളജിയിൽ കമ്മ്യൂണിസ്റ്റ് തത്വങ്ങൾ ഉപയോഗിക്കുന്നതു പോലെ ആശയവത്കരണത്തിനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അത് ആശയപരമായ മുതലെടുപ്പാണ്. ലാറ്റിനമേരിക്കൻ പോപ്പുലര്‍ ചര്‍ച്ചിലെ സ്വാതന്ത്ര്യത്തെപ്പറ്റി പറയാം. എന്നാൽ ജനങ്ങളും ജനപ്രീതിയും തമ്മിൽ നല്ല വ്യത്യാസമുണ്ട്." മാർപാപ്പ വ്യക്തമാക്കി.