പൊലീസ്' നീക്കങ്ങള്‍ പാളിയ അമ്പരപ്പിൽ സിപിഎം; പി. ശശിയുടെ നീക്കങ്ങളില്‍ ഉന്നത നേതാക്കൾക്കടക്കം നീരസം


തിരുവനന്തപുരം: പിസി ജോര്‍ജിനെതിരായ രാഷ്ട്രീയനീക്കങ്ങള്‍ പാളിപ്പോയതിന്‍റെ അമ്ബരപ്പിലാണ് സിപിഎം നേതൃത്വം. പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായ ശേഷമുള്ള പോലീസ് നടപടികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടതില്‍ ഉന്നതനേതാക്കളടക്കം നീരസത്തിലാണ്. എടുത്ത് ചാടിയുള്ള അനാവശ്യനടപടികള്‍ തോല്‍വി വിളിച്ച്‌ വരുത്തുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്‍റെ ഏറ്റവും വലിയ തീരുമാനമായിരുന്നു പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുക എന്നത്. സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയല്ലാതിരുന്നിട്ടും പി. ശശിയെ സംസ്ഥാന സമിതിയംഗമാക്കി. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സര്‍വ്വാധികാരത്തോടെ ശശി മുഖ്യമന്ത്രിയ‍ുടെ ഓഫീസിലെത്തി. പതുക്കെ പോലീസ് ഭരണം ശശി ഏറ്റെടുത്തു.

പക്ഷേ സുപ്രധാന നീക്കങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വപ്നയുടെ ഫ്ലാറ്റില്‍ കയറി സരിത്തിനെ പൊക്കിയത് ആദ്യം പൊളിഞ്ഞു. ഗൂഢാലോചന ആരോപിച്ച്‌ ഒന്നിന് പിറകേ ഒന്നായി കേസുകളെടുത്തതും പോലീസിന്‍റെ വിശ്വാസ്യതയെ ബാധിച്ചു.

 വിദ്വേഷ പ്രസംഗക്കേസില്‍ പൂഞ്ഞാറില്‍ നിന്ന് പിസി ജോര്‍ജിനെ പിടിച്ച്‌ കൊണ്ട് വന്നെങ്കിലും വൈകിട്ട് ജാമ്യം കിട്ടി പിസി ഇറങ്ങിപോയപ്പോള്‍ നാണം കെട്ടത് പോലീസ് മാത്രമല്ല സര്‍ക്കാരും മുന്നണിയുമാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു ദിവസം ജോര്‍ജിനെ ജയിലില്‍ കിടത്താനായതാണ് ഏക ആശ്വാസം.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഏത് തരത്തില്‍ വ്യാഖ്യാനിച്ചാലും വന്‍തിരിച്ചടിയാണ്. ഉച്ചക്ക് 12 40ന് പരാതി വരുന്നു. 1.29ന് അറസ്റ്റുണ്ടാകുമെന്ന് പിസി ജോര്‍ജിനെ അറിയിക്കുന്നു. 2.50ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നു. 3.50ന് അറസ്റ്റ് രേഖപ്പെടുത്തുന്നു.പക്ഷേ ശശിയുടെ തന്ത്രങ്ങള്‍ക്ക് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള വഞ്ചിയൂര്‍ കോടതി വരെയേ ആയുസുണ്ടായുള്ളു.

അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ച്‌ പുഷ്പം പോലെ പിസി ജോര്‍ജ് പൂഞ്ഞാറിലേക്ക് പോയി. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അറസ്റ്റും തുടര്‍നടപടികളും നേരിടേണ്ടി വരുമെന്ന പി ശശി തിയറി കോടതി വലിച്ചെറിഞ്ഞു. എന്ത് സംഭവിച്ചുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത വിമര്‍ശനമായി വളരുകയാണ്.

أحدث أقدم