ജയ്പുര്‍: രാജസ്ഥാനിലെ ബന്‍സ്വാരയില്‍ യുവതിയെയും യുവാവിനെയും നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. ബന്‍സ്വാരയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന വിവാഹിതയായ യുവതിയെയും ഇവരുടെ സുഹൃത്തായ യുവാവിനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വിവാഹിതയായ യുവതിയെ മറ്റൊരു ഗ്രാമത്തിലെ യുവാവിനൊപ്പം കണ്ടതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുവരെയും പിടിച്ചുകൊണ്ടുവന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മരത്തില്‍ കെട്ടിയിട്ട ശേഷം യുവതിയെ വടി കൊണ്ട് പൊതിരെ തല്ലുന്നതും യുവതി നിലവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദേശീയ വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ നേരിടുന്ന അവസ്ഥയാണിതെന്നും ബിജെപി കുറ്റപ്പെടുത്തി.