പത്തനംതിട്ട: സിപിഎം നേതാവ് സജി ചെറിയാൻ മന്ത്രി സ്ഥാനത്തു നിന്നും രാജി വെക്കാനിടയായ വിവാദ പരാമർശമടങ്ങിയ പത്തനംതിട്ട മല്ലപ്പള്ളി പ്രസംഗത്തിന്റ പൂർണ രൂപം കിട്ടാനില്ലെന്ന് പൊലീസ്. ഭരണഘടനയ്ക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അടങ്ങിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. അന്നത്തെ ദൃശ്യങ്ങളില്ലെന്ന നിലപാടിലാണ് സിപിഎം മല്ലപ്പള്ളി ഏരിയ നേതൃത്വം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ, ശബ്ദം സജി ചെറിയാന്റേത് തന്നെയാണോ എന്നീ രണ്ടു വിവരങ്ങളാണ് ദൃശ്യങ്ങളില്‍നിന്ന് പോലീസിന് അറിയേണ്ടത്. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം റിപ്പോര്‍ട്ടായി ഇത് നൽകണം.ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. സജി ചെറിയാന് ഭരണഘടനയെ നിന്ദിച്ചെന്ന കേസില്‍ നിര്‍ണായക തെളിവാകുന്നത് മല്ലപ്പള്ളി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളാണ്. മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് സജി ചെറിയാൻ പറഞ്ഞത്.
ജൂലൈ മൂന്നിന് ഫേസ്ബുക് ലൈവ് പോയ പ്രസംഗം News 18 കേരളം ജൂലൈ അഞ്ചിന് രാവിലെ പുറത്തു വിട്ടതിനെത്തുടർന്ന് വിവാദമായപ്പോൾ വീഡിയോ അപ്രത്യക്ഷമായിരുന്നു. ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തതായും സിപിഎം മല്ലപ്പള്ളി ഏരിയ നേതൃത്വം വിശദീകരണം നല്കി. തുടർന്നാണ് പൊലീസിന് വിവാദ പരാമർശം നടത്തിയ വീഡിയോ ലഭിക്കാതെ വന്നത്.
എന്നാൽ പൊലീസിന്റെ പക്കല്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങളില്ല. ലഭ്യമായിട്ടുള്ളത് ഒന്നരമിനുട്ട് മാത്രമുള്ള വീഡിയോയാണ്. കേസിന്റെ വിചാരണാഘട്ടത്തില്‍ കോടതി പ്രധാന തെളിവായി സ്വീകരിക്കാന്‍ പോകുന്നത് ദൃശ്യങ്ങളുടെ പൂര്‍ണരൂപമാണ്. അതിനാലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പ്രസംഗത്തിന്റെ പൂര്‍ണരൂപം കണ്ടെടുക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഔദ്യോഗികമായി മല്ലപ്പള്ളി സി.പി.എമ്മിന്റെ ഏരിയാ നേതൃത്വവുമായി പോലീസ് ആശയവിനിമയം നടത്തി. എന്നാല്‍ തങ്ങളുടെ കൈവശം പ്രസംഗത്തിന്റെ പൂര്‍ണരൂപമില്ലെന്ന് ഏരിയാ സെക്രട്ടറി അന്വേഷണസംഘത്തെ അറിയിച്ചുവെന്നാണ് വിവരം. ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിരുന്ന വീഡിയോ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഡിലീറ്റ് ചെയ്തിരുന്നു. അങ്ങനെ തങ്ങളുടെ കൈവശമുണ്ടായിരുന്ന വീഡിയോ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്നാണ് ഏരിയാ നേതൃത്വം വിശദീകരിക്കുന്നത്.
ടെലിവിഷന്‍ ചാനലുകളില്‍ എവിടെയെങ്കിലും ഈ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അല്ലാത്തപക്ഷം പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭ്യമാക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് സ്വീകരിക്കുമെന്നാണ് പോലീസ് നിലപാട്.
ഒന്നിലധികം കാമറകള്‍ ഉപയോഗിച്ച് പരിപാടിഷൂട്ട് ചെയ്തിരുന്നു. ഒന്നിലധികം കാമറ ഉപയോഗിച്ചുള്ള മള്‍ട്ടികാം ഷൂട്ട് ആണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ലഭ്യമായ ദൃശ്യങ്ങള്‍. ഇവ ഓണ്‍ലൈനായി എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുകയായിരുന്നു. പരിപാടി ഷൂട്ട് ചെയ്യാന്‍ കരാര്‍ ഏറ്റെടുത്ത സ്റ്റുഡിയോയുടെ നടത്തിപ്പുകാരുടെയോ പുറത്തുള്ള ഏജന്‍സിയുടെയോ പക്കല്‍ ഈ ദൃശ്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്.