വീര്യം കുറവ്; എകെജി സെന്ററിനു നേരെ എറിഞ്ഞത് ഏറുപടക്കമെന്ന് സംശയം




തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ എറിഞ്ഞ സ്ഫോടക‍ വസ്തുവിനു വീര്യം തീരെ കുറവാണെന്നും ഏറു‍പടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നും ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തു നിന്നു ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാ‍സ്യം ക്ലോ‍റൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗ‍ഡർ എന്നിവ കണ്ടെത്തി. വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളുടെ നിർമാണത്തിനു മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്നു ഫൊറൻസിക് വിദഗ്ധർ പറഞ്ഞു.

സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ എക്സ്പ്ലോസീവ് വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധന. സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കുന്ന വസ്തുക്ക‍ളൊന്നും സംഭവസ്ഥലത്തു നിന്നു കിട്ടിയില്ല. ഡിറ്റ‍നേറ്ററിന്റെ സഹായത്തോടെയാണു ബോംബ് സ്ഫോടനം നടക്കുക. എന്നാൽ ഇവിടെ സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി കോടതി മുഖേന ഫൊറൻസിക് സയൻസ് ലാബ് ഡയറക്ടർക്ക് ഇന്നലെ കൈമാറി. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് കോടതിക്കു നൽകും.


أحدث أقدم