തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് ചെറുപ്പത്തില്‍തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്.
ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 കാലത്ത് വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി. 1951ല്‍ കെ. കേളപ്പന്റൈ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തത്തെി. സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും നയിച്ചിട്ടുണ്ട്.
ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍ നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചു.