മിനി തിയറ്റർ, ക്രിക്കറ്റ് ഗ്രൗ‍ണ്ട്; ആഡംബര വീട് ലേലത്തിൽ വിറ്റ് സ്മിത്ത്; കിട്ടിയത് ഇരട്ടി തുക









സിഡ്നി: രണ്ടു വർഷം മുൻപു വാങ്ങിയ ആഡംബര വീട് ഇരട്ടി തുകയ്ക്കു വിറ്റ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തും ഭാര്യ ഡാനി വില്ലിസും. സിഡ്നിയുടെ കിഴക്കൻ പ്രദേശത്തെ വാക്ലൂസിലുള്ള നാലു മുറികളുള്ള വീടാണ് 2020ൽ സ്മിത്ത് 6.6 മില്യൻ ‍ഡോളർ മുടക്കി വാങ്ങിയത്. കഴിഞ്ഞ ദിവസം ലേലത്തിൽവച്ച വീട് വിറ്റുപോയത് 12.38 മില്യൻ ഓസ്ട്രേലിയന്‍ ഡോളറിന് (67 കോടിയോളം രൂപ). 11.5 മില്യനിലാണ് ലേലം വിളി ആരംഭിച്ചത്.

രണ്ടു വിഭാഗങ്ങൾ വീടിനായി മത്സരിച്ചതോടെ തുക 12 മില്യൻ കടന്നു മുന്നേറി. മിനി തിയറ്ററും ചൂടുവെള്ളമുള്ള പൂളും ഫയർ പ്ലേസുമെല്ലാമുള്ള വീട്ടിൽനിന്ന് കടൽ തീരത്തിന്റെ മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാനാകും. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി സ്മിത്തും കുടുംബവും ഏകദേശം 560,000 ഡോളർ ചെലവാക്കിയിട്ടുണ്ടെന്നാണു വിവരം. വീടിനോടു ചേർന്ന് ക്രിക്കറ്റ് കളിക്കുന്നതിനു ചെറിയ ഗ്രൗണ്ടുമുണ്ട്.

ബല്‍മെയ്ൻ, ബിർച്ഗ്രോവ്, മെറിക്‌വില്ലെ, സാന്‍സ് സൗചി എന്നിവിടങ്ങളിലും സ്മിത്തിനും ഭാര്യയ്ക്കും വീടുകളുണ്ട്. ഓസ്ട്രേലിയൻ ടീമിനൊപ്പം ശ്രീലങ്കൻ പര്യടനത്തിലാണ് സ്റ്റീവ് സ്മിത്ത് ഇപ്പോഴുള്ളത്. ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിനു തോൽപിച്ച ഓസീസ് രണ്ടാം മത്സരത്തിനുള്ള ഒരുക്കത്തിലാണ്.
أحدث أقدم