എകെജി സെൻ്റര്‍ ആക്രമിക്കപ്പെട്ടിട്ട് പത്താം ദിവസം; പ്രതിയെ തേടി ഇരുട്ടിൽ തപ്പി പൊലീസ്


തിരുവനന്തപുരം: എകെജി സെൻ്റര്‍ ആക്രമണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താനാവാതെ പൊലീസ്. സംസ്ഥാന ഭരണം കയ്യാളുന്ന പാർട്ടിയുടെ ആസ്ഥാനം ആക്രമിച്ച ആളെ കണ്ടെത്താനാവാത്തത് പൊലീസിനും സർക്കാരിനും നാണക്കേടാവുകയാണ്.

എകെജി സെൻ്ററിലേക്ക് മോട്ടോർ ബൈക്കിലെത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞിട്ട് പത്ത് ദിവസം കഴിഞ്ഞു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സിസിടിവി ദൃശ്യങ്ങളും  ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാൻ ദൃശ്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ സിഡിറ്റിൻ്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

സിപിഎം നേതാക്കൾ ആരോപിച്ചപോലെ സ്ഫോടക വസ്തു മാരക പ്രഹര ശേഷിയുള്ളതല്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന് ഉറപ്പിച്ച് പറഞ്ഞ ഇ.പി.ജയരാജനടക്കമുള്ള നേതാക്കൾ നിലപാട് പിന്നീട് മയപ്പെടുത്തി.  അന്വേഷണത്തിന് സമയമെടുക്കുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. 

ജൂൺ മുപ്പതിന് രാത്രി 11.45-ഓട് കൂടിയാണ് മോട്ടോർ ബൈക്കിൽ തനിച്ചെത്തിയ ആൾ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. രണ്ടു ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘം തലകുത്തി നിന്ന് അന്വേഷിച്ചിട്ടും കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതി ദുരൂഹതകൾ ഉയർത്തി കാണാമറയത്ത് തുടരുന്നു. സിഡാക്കിൻ്റെ ദൃശ്യ പരിശോധനാ ഫലത്തിൽ മാത്രമാണ് അവശേഷിക്കുന്ന പ്രതീക്ഷ.

أحدث أقدم