വയോധികന്റെ മുഖത്ത് ഷൂസിട്ട് ചവിട്ടി; ക്രൂരമര്‍ദ്ദനം; റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് പൊലീസുകാരന്‍;


 
 
ഭോപ്പാല്‍: റെയില്‍വേ സ്റ്റേഷനില്‍ വയോധികന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. വയോധികന്റെ മുഖത്ത് ഷൂസിട്ട് ചവിട്ടുകയും പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

മദ്യപിച്ചെത്തിയ വയോധികന്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് യാത്രക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസിന്റെ ന്യായീകരണം. പ്ലാറ്റ്‌ഫോമിലുള്ള യാത്രക്കാരനാണ് ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ പകര്‍ത്തിയത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അനന്ത് മിശ്ര എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ വൃദ്ധന്റെ മുഖത്ത് ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും കാണാം.

തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ വയോധികനെ പാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ച ശേഷം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ അനന്ത് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതായി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് പ്രതിമ പട്ടേല്‍ പറഞ്ഞു. അതേസമയം, റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കോണ്‍സ്റ്റബിള്‍ വയോധികനെ ക്രൂരമായി മര്‍ദിച്ചിട്ടും യാത്രക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.
أحدث أقدم