കൊച്ചി: സീറോ മലബാർ സഭയുടെ കോടികളുടെ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സംസ്ഥാന സർക്കാരിൻ്റെ ക്ലീൻ ചിറ്റ്. കാനോൻ നിയമപ്രകാരം നടന്ന ഭൂമിയിടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേസിൽ കർദിനാളിന് പോലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. ഇടപാടുമായി ബന്ധപ്പെട്ട പ്രമാണത്തിൽ രേഖപ്പെടുത്തിയതിൽ കൂടുതൽ തുക ആരും നൽകിയിട്ടില്ല. 36 പേർ വാങ്ങിയ ഭൂമിയുടെ തുക എറണാകുളം അങ്കമാലി അതിരുപതയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നുണ്ട്.
വായ്പ തിരിച്ചടവിനായി സഭ വിൽപ്പന നടത്തിയ ഭൂമിക്ക് സെൻ്റിന് 9 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെങ്കിലും എന്നാൽ ലഭിച്ചത് 2.43 ലക്ഷം മുതൽ 10.75 ലക്ഷം രൂപവരെയാണ് ലഭിച്ചതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി 83 പേരിൽ നിന്ന് മൊഴിയെടുത്തു. 57 രേഖകൾ പരിശോധിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ഭൂമിയിടപാട് കേസിൽ കർദിനാളിനെതിരെ റവന്യൂ സംഘത്തിൻ്റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടിൽ സർക്കാരിൻ്റെ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ, ക്രമക്കേടിന് സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചോ, തണ്ടപ്പേര് തിരുത്തിയോ എന്നീ കാര്യങ്ങളിലാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം അന്വേഷണം നടക്കുന്നത്.
ഭൂമിയിടപാടിൽ വ്യാജപട്ടയം ഉണ്ടാക്കിയതായും തണ്ടപ്പേര് തിരുത്തിയെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. യഥാർത്ഥ പട്ടയത്തിൻ്റെ അവകാശിയെ കണ്ടെത്തിയ പോലീസ് കൂടുതൽ അന്വേഷണം ശുപാർശ ചെയ്തിരുന്നു. സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ കർദിനാൾ വിചാരണ നേരിടണമെന്ന സെൻഷൻ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു.