'മോഷണത്തിനിടെ' പോലീസ്, രക്ഷപെടാൻ 'വന്ദേ മാതരം' വിളിച്ച് നാലാം നിലയിൽ നിന്ന് എടുത്തു ചാടി; യുവാവ് ദാരുണാന്ത്യം


മുംബൈ: പോലീസ് പിടിക്കാതിരിക്കാൻ ഫ്ലാറ്റിന്‍റെ നാലാം നിലയിൽ നിന്ന് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം. മുംബൈ കൊളാബ പ്രദേശത്തെ ചർച്ച്ഗേറ്റിലുള്ള ഒരു ഫ്ലാറ്റിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സമീപത്തെ കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ താഴെ വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാലാം നിലയിൽ നിന്ന് ചാടി ഗുരുതര പരിക്കേറ്റ രോഹിത് എന്ന 25കാരനാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറിയ രോഹിത്തിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് തന്നെയായിരുന്നു ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു യുവാവ് നാലാം നിലയിൽ നിന്ന് ചാടിയത്.

വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് യുവാവ് ഫ്ലാറ്റിനകത്ത് കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഫ്ലാറ്റിന്‍റെ പ്രധാന ഗേറ്റിൽ സെക്യൂരിറ്റി കാവൽ നിൽക്കുന്നുണ്ടായിരുന്നു. ഇയാളുടെ കണ്ണ് വെട്ടിച്ച് മറ്റൊരു ഗേറ്റ് ചാടിക്കടന്നാണ് യുവാവ് ബിൽഡിങ്ങിന് അകത്ത് കയറിയത്. കെട്ടിടത്തിൽ ആരോ അതിക്രമിച്ച കടന്നെന്ന് മനസ്സിലാക്കിയ സെക്യൂരിറ്റി ഉടൻ ജാഗ്രതനിർദേശം നൽകുകയും ചെയ്തു. ഇതോടെ ഫ്ലാറ്റിൽ കള്ളൻ കയറിയിട്ടുണ്ടെന്ന് താമസക്കാരിലൊരാൾ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ യുവാവ് ഡ്രൈനേജ് പൈപ്പിലൂടെ മുകളിലേക്ക് കയറി പോവുകയായിരുന്നു. തുടർന്ന് ഒരു ജനൽപടിയിൽ ഇരിപ്പുറപ്പിച്ചു. ഇതോടെ അറസ്റ്റ് ചെയ്യില്ലെന്ന് വാഗ്ദാനം നൽകി അനുനയിപ്പിച്ച് താഴെയിറക്കാൻ പോലീസ് ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടർന്ന് പോലീസുകാർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി. ഇവർ വലവിരിച്ച് അതിലേക്ക് ചാടാൻ പറഞ്ഞെങ്കിലും യുവാവ് കൂട്ടാക്കിയേയില്ല. ഇതിനിടെ ബിൽഡിങ്ങിന്‍റെ നാലാം നിലയിൽ നിന്ന് രോഹത്തിനെ അനുനയിപ്പിക്കാൻ പ്രദേശവാസികളും ശ്രമിച്ചു.

മൂന്ന് മണിക്കൂറോളം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ ഒരു പോലീസുകാരൻ ഇയാൾക്കരികിലേക്ക് എത്താൻ ശ്രമിച്ചു. രാവിലെ 7.15 ഓടെയായിരുന്നു ഇത്. ഇതോടെ നാലാംനിലയിലിരിക്കുകയായിരുന്ന യുവാവ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസുകാരൻ ജനാല വഴി യുവാവിന് സമീപത്തേക്ക് എത്തിയപ്പോൾ 'വന്ദേ മാതരം' എന്ന് വിളിച്ചുകൊണ്ടാണ് രോഹിത് സമീപത്തെ കെട്ടിടം ലക്ഷ്യമാക്കി എടുത്ത് ചാടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

أحدث أقدم