കണ്ണൂര്‍ പയ്യന്നൂര്‍ കോണ്‍ഗ്രസിലെ സാമ്പത്തിക തിരിമറി വിവാദത്തില്‍ ഫലം കാണാനുള്ള പ്രശ്‌നപരിഹാരനീക്കം പാളി.
രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ വാഹനം കാണാനില്ലെന്ന ആരോപണത്തിലാണ് പ്രതിസന്ധി തുടരുന്നത്. പകരം വാഹനം നല്‍കാനുള്ള നീക്കം കെപിഎസ്ടിഎ തള്ളി.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സന്നദ്ധ കൂട്ടായ്മയായ ജയ്ഹിന്ദ് പയ്യന്നൂരിനും ഐഎന്‍സി കെയര്‍ യൂണിറ്റിനുമായി കെപിഎസ്ടിഎ സംഭാവന സമാഹരിച്ച് നല്‍കിയ വാഹനം സംബന്ധിച്ചാണ് വിവാദം.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാന്‍ സംഭാവന ചെയ്തത്. ആദ്യം വാങ്ങിയ വാഹനം കാണാനില്ലെന്നായിരുന്നു ആക്ഷേപം. പിന്നീട് ഒരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് പുറത്തിറക്കി.
വാഹനം വാങ്ങുമ്പോള്‍ അവശേഷിച്ച ബാധ്യത വാഹനം നഷ്ടമാകാന്‍ ഇടയാക്കിയെന്നാണ് സന്നദ്ധ കൂട്ടായ്മ നിയന്ത്രിക്കുന്നവരുടെ വിശദീകരണം.
എന്നാല്‍ പിന്നീട് പണപ്പിരിവ് നടത്തിയെന്നും ഈ തുക സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. വിവാദം മറികടക്കാന്‍ രണ്ടാമത് വാങ്ങിയ വാഹനം അധ്യാപക സംഘടനയ്ക്ക് നല്‍കാനുള്ള നീക്കം സംഘടന തള്ളി.
ഈ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി അവശേഷിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. അതിനിടെ രജിസ്‌ട്രേഷന്‍ മാറ്റാതെ വഞ്ചിച്ചെന്ന് കാട്ടി ഇരിട്ടി സ്വദേശി ടിബിന്‍ പോള്‍ പൊലീസില്‍ പരാതി നല്‍കിയതും തലവേദന സൃഷ്ടിച്ചു.
അന്വേഷണത്തിന് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് അധ്യാപക സംഘടനയുടെ നിലപാട്.