തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി


തിരുവനന്തപുരം: ബാലരാമപുരത്തു നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി കിളിമാനൂർ സ്വദേശി വിഷ്ണു (24) ആണ് കുത്തേറ്റ് മരിച്ചത്. റസ്സൽപുരം ബവ്റിജസ് ഗോഡൗണിനു സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണുവിനെ രണ്ടംഗ സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്.സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ബാലരാമപുരത്തു നിന്നും ഭക്ഷണം കഴിച്ചശേഷം സ്കൂട്ടറിൽ വരികയായിരുന്ന നെപ്ട്യൂൺ ടാർ റെഡിമിക്സ് പ്ലാന്‍റിലെ ജീവനക്കാരായ ശ്യാമിനെയും കൂടെയുണ്ടായിരുന്ന വിഷ്ണുവിനെയും എതിരെ ബൈക്കിൽ വന്ന രണ്ടുപേർ ചീത്തവിളിച്ചു. ഇത് സ്കൂട്ടർ നിർത്തി ചോദ്യം ചെയ്ത വിഷ്ണുവിനെ ബൈക്കിൽ വന്ന രണ്ടു പേരിൽ ഒരാൾ കത്തികൊണ്ട് ഇടത് നെഞ്ചിൽ കുത്തുകയായിരുന്നു. ഇതിനുശേഷം ഇവർ തേമ്പാമുട്ടം ഭാഗത്തേയ്ക്കു ബൈക്ക് ഓടിച്ചു പോയി.

കുത്തേറ്റ വിഷ്ണുവിനെ ശ്യാം സ്കൂട്ടറിൽ കയറ്റി കൊണ്ടുവരുന്നതിനുടെ തേമ്പാമുട്ടം സ്കൂളിനു സമീപം വച്ച് വിഷ്ണു റോഡിലേക്കു വീണു. തുടർന്ന് നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തി. വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഉടൻ വലയിലാകുമെന്നു പോലീസ് പറഞ്ഞു.
أحدث أقدم