കസ്റ്റഡി മരണം: വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റി




 
കോഴിക്കോട് :  വടകര കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് പൊലീസിൽ കൂട്ട സ്ഥലംമാറ്റം. വടകര പൊലീസ് സ്റ്റേഷനിലെ 66 പേരെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സ്ഥലംമാറ്റം. കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനുഷിക പരിഗണന ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്.

നേരത്തേ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ കൂട്ട സ്ഥലംമാറ്റം. സജീവനെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്വം വേണമെന്നും സ്ഥലംമാറ്റ നടപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പും നൽകി.

വടകര പൊലീസ് സ്റ്റേഷനിലെ എസ്ഐ നിജീഷ്, എഎസ്ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവരെയാണ് നേരത്തേ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഐജി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഉത്തരമേഖല ഐജി ടി വിക്രമാണ് റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറിയത്. പൊലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നായിരുന്നു ഐജിയുടെ കണ്ടെത്തൽ.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര തെരുവത്ത് വച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ തർക്കമുണ്ടായി.

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും നെഞ്ചുവേദന ഉണ്ടായിട്ടും ആശുപത്രിയിലെത്തിക്കാതെ മുക്കാൽ മണിക്കൂറോളം സ്റ്റേഷനിൽ ഇരുത്തിയെന്നും ഒടുവിൽ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി 11.30 ഓടെയാണ് സംഭവം.

സ്റ്റേഷനില്‍ വച്ച് തന്നെ സജീവന്‍ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ്ഐ മർദിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. പുറത്തിറങ്ങിയപ്പോള്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സജീവനെ ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് നടപടിയില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സജീവന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നിർദേശം നൽകി. ജൂലൈ 29ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.


أحدث أقدم