ഗർഭിണിയാണെന്ന് എല്ലാവരെയും ഷംന വിശ്വസിപ്പിച്ചു; കുഞ്ഞിനെ കുറിച്ച് തിരിച്ചും മറിച്ചും ചോദിച്ച് ആശാവർക്കർ, പൊളളാച്ചിയിൽ നിന്നും തട്ടിയെടുത്ത നവജാത ശിശുവിനെ കൊടുവായൂരിൽ കണ്ടെത്തി


പാലക്കാട്: പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ 2 പേർ പിടിയിൽ. കൊടുവായൂർ സ്വദേശി ഷംന, പ്രായപൂർത്തിയാവാത്ത മറ്റൊരു യുവതി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് പൊള്ളാച്ചി കുമരൻ നഗർ സ്വദേശി യൂനിസ് - ദിവ്യ ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് രണ്ട് സ്ത്രീകൾ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്തമായിരുന്നു. താൻ ഗർഭിണിയാണെന്നാണ് ഷംന സ്വന്തം നാട്ടിലും വീട്ടിലുമെല്ലാം വിശ്വസിപ്പിച്ചിരുന്നത്. ഇത് സാധൂകരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. ഷംനയുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന സത്യങ്ങളാണ് ചുരുളഴിയുന്നത്. കൊടുവായൂർ സ്വദേശിയായ മണികണ്ഠനുമായി ഷംന അടുപ്പത്തിലായിരുന്നു. താൻ ഗർഭിണിയാണെന്ന് മണികണ്ഠനോടും കുടുംബത്തോടും ഷംന പറഞ്ഞിരുന്നു. തുടർന്ന് മൂന്നു മാസം മുമ്പ് പ്രസവിച്ചെന്നും കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചു. ഇവരെ ബോധ്യപ്പെടുത്താനാണ് നവജാത ശിശുവിനെ കടത്തിക്കൊണ്ടുവന്നത്. ഗർഭിണിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഷംന ഏപ്രിൽ 22 ന് പ്രസവിച്ചു എന്നാണ് പറഞ്ഞിരുന്നത്. കുഞ്ഞ് ഐസിയുവിലാണെന്നാണ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

രാവിലെ പതിനൊന്നു മണിയോടെയായിരുന്നു കുഞ്ഞുമായി ഷംന മണികണ്ഠന്റെ വീട്ടിലെത്തിയത്. നേരത്തെ ആശാ വർക്കർ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഷംന പറഞ്ഞിരുന്നത്. തുടർന്ന് ആശാ വർക്കർ കൊടുവായൂർ ആശുപത്രിയിൽ ഇക്കാര്യങ്ങൾ അറിയിച്ചു. സംശയം ബലപ്പെട്ടതോടെ ഇവർ പോലീസിലും വിവരമറിയിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചിയിൽ കാണാതായ കുഞ്ഞാണെന്നു കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തത്.

സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. 24 മണിക്കൂറിനുള്ളിൽ പോലീസ് 769 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ആശുപത്രിയിൽ നിന്നും കുട്ടിയുമായി പോകുന്ന ദൃശ്യങ്ങളും ബസ് സ്റ്റാൻഡിലും റെയിൽ വേ സ്‌റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. തുടർന്നുള്ള പരിശോധനയിൽ അവർ പൊള്ളാച്ചി ബസ് സ്റ്റാന്റിൽ നിന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. 12 പ്രത്യേക സംഘങ്ങൾ രൂപികരിച്ചാണ് അന്വേഷണം നടത്തിയത്. 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണങ്ങൾക്കൊടുവിൽ രാവിലെ 4 മണിയോടെ കുഞ്ഞിനെ കണ്ടെത്താനായി. പൊള്ളാച്ചി പോലീസ് നവജാത ശിശുവിനെ മാതാപിതാക്കൾക്ക് കൈമാറി.

أحدث أقدم