രായ്ക്കുരാമാനം മാലിദ്വീപിനു കടന്ന് ഗോതബയ; പിടികിട്ടാപ്പുള്ളിയാകുമോ പ്രസിഡൻ്റ്? 'ടെർമിനേറ്റർ'ക്കായി പരക്കം പാഞ്ഞ് പ്രക്ഷോഭകർ


കൊളംബോ: ഭയം വിട്ടുമാറിയവൻ അഥവാ ധീരൻ എന്നാണ് ഗോതബയ എന്ന വാക്കിൻ്റെ അർഥം. പക്ഷെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയിലെ വൻ പൊതുജന പ്രക്ഷോഭത്തിനിടെ രാജ്യത്തു നിന്നു മുങ്ങിയ പ്രസിഡൻ്റ് ഗോതബയ രാജപക്സ ഒടുവിൽ മാലിദ്വീപിൽ രക്ഷ പ്രാപിച്ചു. രാജ്യത്തിൻ്റെ അധികാരം സമാധാനപൂര്‍വം കൈമാറുമെന്നും ബുധനാഴ്ച രാജിവെക്കുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രസിഡൻ്റ് ഗോതബയ രാജപക്സ രാജ്യം വിട്ടത്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിൽ ജനങ്ങൾ രാജാവിൻ്റെ കൊട്ടാരം അടക്കം പിടിച്ചെടുത്തിരുന്നു.

ജനങ്ങള്‍ കൊട്ടാരം പിടിച്ചെടുക്കുമെന്ന വിവരം ലഭിച്ചതിനു പിന്നാലെ പ്രസിഡൻ്റ് രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറിയിരുന്നു എന്നാണ് ശ്രീലങ്കൻ മാധ്യമങ്ങള്‍ പറയുന്നത്. പ്രസിഡൻ്റ് സ്ഥാനം വഹിക്കുമ്പോള്‍ ഗോതബയയെ പോലീസിന് അറസ്റ്റ് ചെയ്യാനാകില്ല. എന്നാൽ സ്ഥാനം രാജിവെച്ചതിനു പിന്നാലെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പ്രസിഡൻ്റ് രാജ്യം വിട്ടതെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ശതകോടികളുടെ ബാധ്യതയിൽ മുക്കിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നുമുള്ള ആരോപണമാണ് ഗോതബയയുടെ മുന്നിലുള്ളത്. പുതുതായി ചുമതലയേൽക്കുന്ന സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചാൽ ഗോതബയയ്ക്ക് തിരിച്ചെത്തി കീഴടങ്ങുകയോ വിദേശത്ത് പിടികിട്ടാപ്പുള്ളിയായി കഴിയുകയോ മാത്രമാണ് മുന്നിലുള്ള മാര്‍ഗം.

പ്രക്ഷോഭം ശക്തിപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹം രാജക്കത്ത് ഒപ്പിടുകയും ചെയ്തിരുന്നു. രാജപക്സയും പത്നിയും ഇവരുടെ ബോഡിഗാര്‍ഡും അടക്കം നാല് യാത്രക്കാര്‍ കൊളംബോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആൻ്റോണോവ് 32 സൈനിക വിമാനത്തിൽ രക്ഷപെടുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോര്‍ട്ട്. ഇക്കാര്യം ഇമിഗ്രേഷൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മാലിദ്വീപിലെത്തിയ സംഘത്തെ പോലീസ് അകമ്പടിയോടെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്നാണ് മാലിദ്വീപ് വിമാനത്താവള അധികൃതരും വ്യക്തമാക്കുന്നത്.

വിമാനത്താവളത്തിലെ നാണക്കേട്

2019ലെ പൊതുതെരഞ്ഞെടുപ്പിൽ വൻജനപ്രീതിയോടെയാണ് ഗോതബയ സര്‍ക്കാര്‍ അധികാരത്തിലേറിയത് മൂന്നിൽ രണ്ട് ഭൂരിപക്ഷവുമുണ്ടായിരുന്നു. എന്നാൽ തണ്ടിലേറ്റി നടന്ന ജനം താഴെയിറക്കിയതോടെ പ്രസിഡൻ്റിനെ തല കുനിച്ചാണ് രാജ്യം വിടേണ്ടി വന്നത്. യാത്രാവിമാനത്തിൽ ദുബായിലേയ്ക്ക് കടക്കാനായിരുന്നു ഗോതബയ ആദ്യം ശ്രമിച്ചത്. എന്നാൽ ഗോതബയയ്ക്ക് വിഐപി വരിയിൽ നിൽക്കാൻ വിമാനത്താവള അധിക‍ൃതര്‍ അനുമതി നൽകിയില്ല. എല്ലാ യാത്രക്കാരും പൊതു കൗണ്ടര്‍ വഴി മാത്രമേ കടന്നു പോകാൻ പാടുള്ളൂ എന്ന് അവര്‍ നിലപാടെടുത്തു. എന്നാൽ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രസിഡൻ്റും സംഘവും ഇതിനു തയ്യാറായില്ല. ഇതോടെ 24 മണിക്കൂറോളം യാത്ര വൈകി. ഇതിനിടെ ദുബായിലേയ്ക്കുള്ള നാലു വിമാനങ്ങളും പോയി.

أحدث أقدم