ഇന്ത്യാ സന്ദർശനത്തിനിടെ ചാര പ്രവർത്തനം നടത്തിയതായി പാക്ക് മാധ്യമപ്രവർത്തകൻ്റെ വെളിപ്പെടുത്തൽ




ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങൾക്കിടെ പലതവണ ചാരപ്രവർത്തനം നടത്തിയിരുന്നതായി തുറന്നു സമ്മതിച്ച് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ. നുസ്രത് മിസ്ര എന്ന മാധ്യമപ്രവർത്തകനാണ് ഇന്ത്യാ സന്ദർശനത്തിനിടെ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐയ്ക്കുവേണ്ടി വിവരങ്ങൾ ശേഖരിച്ചുവെന്ന് വെളിപ്പെടുത്തിയത്. 2007 മുതൽ 2010 വരെയുള്ള കാലയളവിൽ ഇന്ത്യാ സന്ദർശനത്തിനിെടയാണ് വിവരങ്ങൾ ചോർത്തിയത്.

2009 ഒക്ടോബർ 27ന് ഡൽഹി ഒബ്റോയ് ഹോട്ടലിൽ ഭീകരവാദത്തിനെതിരെ രാജ്യാന്തര കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. ജുമ മസ്ജിദ് യുണൈറ്റഡ് ഫോറം സംഘടിപ്പിച്ച കോൺഫറൻസിൽ അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻമന്ത്രി ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഈ യോഗത്തിൽ പങ്കെടുക്കാനെത്തിയ നുസ്രത് പല വിവരങ്ങളും ഐഎസ്ഐയ്‌ക്കായി ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ.

ഇന്ത്യയിൽ നിന്നു ലഭിച്ച വിവരങ്ങൾ കൈമാറണമെന്ന് അന്നത്തെ പാക്കിസ്ഥാൻ മന്ത്രി ഖുർഷിദ് തന്നോട് ആവശ്യപ്പെട്ടുവെന്ന് നുസ്രത് വ്യക്തമാക്കി. വിവരങ്ങൾ മന്ത്രിക്ക് കൈമാറാൻ താൽപര്യമില്ലെന്നും എന്നാൽ നിർബന്ധമാണെങ്കിൽ കൈമാറാമെന്ന് അറിയിക്കുകയും കൈമാറുകയുമായിരുന്നു. പിന്നീട് ഈ വിവരങ്ങൾ മന്ത്രി കരസേനാ മേധാവിക്കു നൽകി. കൂടുതൽ വിവരങ്ങൾ നൽകാൻ അവർ ആവശ്യപ്പെട്ടെങ്കിലും അവരോട് തന്നെ കണ്ടെത്താൻ പറയുകയായിരുന്നുവെന്ന് നുസ്രത് അറിയിച്ചു.

ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ബലഹീനതകളെക്കുറിച്ച് അവർക്ക് വ്യക്തമായ അറിവുണ്ടായിട്ടും ഉപയോഗപ്പെടുത്തിയില്ല. സാധാരണ ഇന്ത്യയിൽ മൂന്ന് സ്ഥലങ്ങളാണ് സന്ദർശിക്കാൻ സാധിക്കുക. എന്നാൽ തനിക്ക് ഡൽഹി, ബെംഗളൂരു, ചെന്നൈ, പട്ന, കൊൽക്കത്ത ഉൾപ്പെടെ ഏഴു സ്ഥലങ്ങൾ സന്ദർശിക്കാനായി. വിദേശകാര്യ മന്ത്രിയായിരുന്ന ഖുർഷിദ് കസൂരി ഇതിനു തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

യൂട്യൂബർ ഷക്കീൽ ചൗധരിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ത്യൻ സർക്കാരിനെ നിരന്തരം വിമർശിക്കുകയും ഇന്ത്യയ്ക്കെതിരെ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരനും കോളമിസ്റ്റുമാണ് മിർസ.


أحدث أقدم