കോട്ടയം: ദിലിപ് കേസ് അടിമുടി പുനരന്വേഷിക്കണമെന്ന് മുൻ എംഎൽഎ പി സി ജോർജ്. പോലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് ഈ കേസ്. പോലീസിൻ്റെ വഴിവിട്ട ഇടപെടലിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും പി സി ജോർജ് പറഞ്ഞു.
ദിലീപ് കേസിൽ തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. കേസുമായി ബന്ധപ്പെട്ട് സത്യാവസ്ഥ പറഞ്ഞപ്പോൾ തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടത്തിയവർ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണമെന്ന് പി സി ജോർജ് പറഞ്ഞു. കേസിൽ ദിലീപിന് അനുകൂലമായി ജയിൽ ഡിജിപിയായിരുന്ന ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് പി സി ജോർജ് പ്രതികരണം നടത്തിയത്.
ബിഷപ്പ് ഫ്രാങ്കോ കേസിൽ ഞാൻ പറഞ്ഞതാണ് ശരിയെന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടലുകൾ ദിലീപ് കേസിൽ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളെന്നും പി സി ജോർജ് ആരോപിച്ചു.
യൂട്യൂബ് ചാനലിലൂടെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ന്യായീകരിച്ചും അനുകൂലിച്ചും ശ്രീലേഖ പ്രസ്താവന നടത്തിയത്. "കേസിൽ ദിലീപിനെ ശിക്ഷിക്കാൻ കഴിയുന്ന മതിയായ തെളിവുകളില്ല. അന്വേഷണ ഉദ്യോഗസ്ഥർ തോന്നിയത് പോലെ എഴുതി ചേർത്തതാണ് ദിലീപിനെതിരായ മൊഴികൾ. പ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമായി നിർമ്മിച്ചതാണ്. ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പൾസർ സുനി തയാറാക്കിയതല്ല" - എന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.