'കാളി രാജ്യത്തിന്റെ വിശ്വാസകേന്ദ്രം', വിവാദത്തിൽ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി


ദില്ലി : കാളി വിവാദത്തിൽ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാളി രാജ്യത്തെ വിശ്വാസത്തിന്‍റെ കേന്ദ്രമാണെന്നും കാളിയുടെ അനുഗ്രഹം ബംഗാളിൽ മാത്രമല്ല രാജ്യം മുഴുവനുമുണ്ടെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദൻ കാളിയുടെ ആരാധകനായിരുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കാളി വിവാദം കത്തുന്നതിനിടെയാണ് പ്രധാനമന്ത്രി പരോക്ഷമായെങ്കിലും വിഷയത്തിൽ പ്രതികരിക്കുന്നത്. 

കാളി വിവാദത്തില്‍ തൃണമൂൽ എംപി  മഹുവ മൊയ്ത്രക്കും ലീന മണി മേഖലക്കുമെതിരെ എട്ടോളം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി ദില്ലി ഘടകവും  മഹുവ മൊയ്ത്രക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ലീന ട്വിറ്ററില്‍ പങ്കുവച്ചെ ചിത്രത്തിനെതിരെയും യുപിയില്‍ ബിജെപി പരാതി കൊടുത്തിട്ടുണ്ട്. കാളിയെന്ന ലീന മണി മേഖലയുടെ ഡോക്യുമെന്‍ററി പോസ്റ്ററും മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയായി കാളിയെ കാണാമെന്ന മഹുവ മൊയ്ത്രയുടെ പരാമര്‍ശവുമാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. 

കാളി എ പെർഫോമന്‍സ് ഡോക്യുമെന്‍ററിയെന്ന പേരില്‍ ജൂലൈ രണ്ടിനാണ് കവിയും സംവിധായികയുമായ ലീന മണിമേഖല പോസ്റ്റർ പുറത്തുവിട്ടത്. ഡോക്യുമെന്‍ററിയില്‍ കാളിയുടെ വേഷമിട്ടത് ലീന തന്നെയാണ്. പുക വലിക്കുകയും എൽജിബിടി അനുകൂല പതാക കൈയിലേന്തുകയും ചെയ്ത കാളിയുടെ ചിത്രമുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടി വിവിധ ഹിന്ദു സംഘടനകളും നേതാക്കളും ഇതോടെ രംഗത്തെത്തി. യുപി ലക്നൗവിലെ ഹസറത്ഗംജ് പൊലീസാണ് ആദ്യം കേസെടുത്തത്. ലീന മണിമേഖലയെ ഒന്നാം പ്രതിയായും, അസോസിയേറ്റ് പ്രൊഡ്യൂസർ ആശ, എഡിറ്റർ ശ്രാവൺ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, മനപൂർവം മതവികാരം വ്രണപ്പെടുത്തുക, വിദ്വേഷം പടർത്തുക തുടങ്ങിയ കുററങ്ങളാണ് പ്രതികൾക്കെതിരെ യുപി പോലീസ് ചുമത്തിയിട്ടുള്ളത്. 

തൊട്ടുപിന്നാലെ ദില്ലി പോലീസിന്‍റെ സൈബർ വിഭാഗവും ലീനയ്ക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ദില്ലി പോലീസിന്‍റെ എഫ്ഐആർ. കാനഡയിലെ ആഗാ ഖാന്‍ മ്യൂസിയത്തില്‍ പ്രദർശിപ്പിക്കുന്ന ഡോക്യുമെൻററിയുടെ പോസ്റ്ററുകൾ  നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇന്നലെ കനേഡിയന്‍ അധികൃതർക്ക് കത്ത് നല്‍കിയിരുന്നു. തമിഴ്നാട് സ്വദേശിയായ ലീന നിലവില്‍ കാനഡയില്‍ വിദ്യാർത്ഥിയാണ്.  

أحدث أقدم