കോട്ടയം - ഏറ്റുമാനൂർ റൂട്ടിൽ നാഗമ്പടം പാലം മുതൽ മാതൃഭൂമി ജംഗ്ഷൻ വരെ റോഡ് സൈഡിൽ ഇരുവശത്തും രണ്ടും മൂന്നും നിരയായി കാർ പാർക്ക് ചെയ്തിരിക്കുന്നത് മൂലം രാവിലെ 9.30 മുതൽ വൈകിട്ട് മൂന്ന് വരെ ഈ റൂട്ടിൽ നാഗമ്പടം പാലം മുതൽ ചവിട്ടുവരി വരെ മൂന്ന് കിലോമീറ്ററോളം ഗതാഗത തടസ്സം സ്ഥിരമായി ഉണ്ടാകുന്നു.
പാസ്പോർട്ട് ഓഫീസിൽ എത്തുന്നവരുടെ കാറുകൾ ആണ് ഇങ്ങനെ തോന്നുംപടി പാർക്ക് ചെയ്യുന്നവയിൽ ബഹുഭൂരിപക്ഷവും. തിരക്കേറിയ റോഡ് ആണെന്ന് കണക്കാക്കാതെയാണ് അശാസ്ത്രീയമായ വാഹന പാർക്കിങ്.
വാഹനമിട്ട ശേഷം പാസ്പോർട്ട് ഓഫീസിൽ പോയി മണിക്കൂറുകളോളം
കാത്തിരിക്കുന്നതിനിടയിൽ ട്രാഫിക് ബ്ലോക്കും സൃഷ്ടിക്കപ്പെടും. ഇതോടെ ഈ മൂന്ന് കിലോമീറ്റർ ദൂരം നിരനിരയായി ക്യൂവിൽ കിടന്നാണ് ഭാരവാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം സമയം എടുത്ത് ഇവിടെ കടന്നു പോകുന്നത്.
നാഗമ്പടം ക്ഷേത്ര കവാടം മുതൽ ചെമ്പരത്തിമൂട് വരെ എം സി റോഡിന് വീതി തീർത്തും കുറവാണ്. ഇവിടെ ആണ് നിയമം ലംഘച്ചുള്ള വാഹന പാർക്കിങ്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെയോ ട്രാഫിക് പോലീസിൻ്റെയോ ശ്രദ്ധ ഈ ഭാഗത്ത് ഉണ്ടാകാത്തതിനാൽ ഗതാഗത കുരുക്ക് സൃഷ്ടിച്ചുള്ള പാർക്കിങ് തുടരുകയാണ്.
ഈ ഭാഗത്ത് അനധികൃതമായി പാർക്ക് ചെയ്യുന്ന എല്ലാ വാഹനങ്ങൾക്ക് എതിരെയും നടപടി എടുത്ത് നാഗമ്പടം എംസി റോഡിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് സത്വര നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.