പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ പിസി ജോര്‍ജിന്റെ ശ്രമം. അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ അപമര്യാദയോടെയുള്ള പെരുമാറ്റമുണ്ടായത്.പീഡന കേസിലെ ഇരയുടെ പേര് എന്തിന് പറഞ്ഞുയെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന്, പിന്നെ താങ്കളുടെ പേര് പറയട്ടെ എന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ പ്രതികരിച്ചതോടെ പിസി ജോര്‍ജിന്റെ കൂടെയുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
സോളര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (അ) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ഈ ചോദ്യം ചെയ്യലിനിടെയാണ് ജോര്‍ജിനെതിരെ പീഡന കേസെടുത്തത്. ഗൂഢാലോചനക്കേസില്‍ സാക്ഷിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.അറസ്റ്റിന് ശേഷം പിസി ജോര്‍ജ് നടത്തിയ പ്രതികരണം: ''ഈ ഒരു കാര്യം കൊണ്ടെന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് മറുപടി നല്‍കി കൊണ്ടിരിക്കെ 11 മണിക്കാണ് ഈ കേസെടുത്തത്. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ഞാന്‍ ഒളിക്കാന്‍ ഉദേശിക്കുന്നില്ല. റിമാന്‍ഡ് ചെയ്താലും സന്തോഷം. ശേഷം വസ്തുത ഞാന്‍ തെളിയിക്കും. ഞാന്‍ ഒരു സ്ത്രീയെയും പീഡിപ്പിക്കില്ല. ഞാന്‍ പൊതുപ്രവര്‍ത്തകനാണ്. അടുത്തവരുന്ന എല്ലാ പെണ്‍കുട്ടികളെയും മോളേ, ചക്കരേ, സ്വന്തമേ എന്ന് അല്ലാതെ വിളിക്കാറില്ല. ആ സ്‌നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കെതിരെ പിണറായി വിജയന്റെ കാശും വാങ്ങി കാണിക്കുന്ന മര്യാദകേടിന് ദൈവം ക്ഷമിക്കട്ടേ.''