കൊച്ചി: ജോലിയില്ലാതെ തെരുവിൽ അലയേണ്ടി വന്നാലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും ക്രൈം ബ്രാഞ്ചിനുമതിരെ രൂക്ഷവിമർശനമാണ് സ്വപ്ന നടത്തിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ എന്ന പേരിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി തന്‍റെ അന്നം മുട്ടിച്ചെന്നും സ്വപ്ന ആരോപിച്ചു. ജീവിച്ചിരിക്കുന്നിടത്തോളം കാലം താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. "തെരുവിൽ ആണെങ്കിലും ബസ് സ്റ്റാൻഡിൽ ആണെങ്കിലും ഏത് റോഡിലാണെങ്കിലും ഉടുതുണിക്കു മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങൾക്കു സത്യം മനസിലാക്കി കൊടുക്കും." സ്വപ്ന സുരേഷ് പറഞ്ഞു.
ഗൂഢാലോചന കേസിൽ മൊഴിയെടുക്കാൻ വിളിച്ചിട്ട് തന്നോട് വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടിന്‍റെ തെളിവുകളാണ് ചോദിക്കുന്നത്. തെളിവുകൾ ഇ ഡിയുടെ കൈവശം നൽകിയതാണ്. അവ വെളിപ്പെടുത്താനാകില്ല. 164 പ്രകാരം നൽകിയ മൊഴിക്ക് സാധുതയില്ലെന്ന് പറയുന്നു. സാധുതയില്ലെങ്കിലും പറയാനുള്ളത് എവിടെയെങ്കിലും പറയണ്ടേയെന്നും സ്വപ്ന ചോദിച്ചു.
ഒരു സ്ഥാപനവും തന്നെ ഇതുവരെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല. എച്ച് ആർ ഡി എസിൽ നിന്നും പിരിച്ച് വിടാനുള്ള തീരുമാനം ഞെട്ടിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങൾ നിരന്തരം വേട്ടയാടിയതോടെയാണ് അതുണ്ടായത്. എച്ച് ആർ ഡി എസിൽ നിന്നും തന്നെ പുറത്താക്കിച്ച് അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും സ്വപ്ന സുരേഷ് ചോദിച്ചു.
മുഖ്യമന്ത്രി നിയമസഭയിൽ ആരോപണം ഉയർത്തി. മുഖ്യമന്ത്രിക്ക് മാത്രമല്ല പെൺമക്കൾ. എല്ലാവരേയും മക്കളായി കാണണം. ക്രൈം ബ്രാഞ്ച് നടത്തിയത് മാനസിക പീഡനമാണ്. കലാപകേസിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. ഒരു സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ നടുറോഡിൽ ഇറക്കിവിട്ട രീതിയാണിത്.
വീണയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇപ്പോഴും തന്‍റെ കൈവശമുണ്ട്. ജോലി പോയെങ്കിലും തെരുവിലിറങ്ങേണ്ടി വന്നാലും പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.