വ്യാപാരിക്കും മകനും നേരെ വധശ്രമം, വിവിധ ജില്ലകളിൽ ഒളിവിൽ; ഒടുവിൽ വലയിലായി ആറം​ഗ സംഘം


തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ വ്യാപാരിയേയും മകനെയും വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പടവന്‍കോട് പുത്തന്‍വിള സോഫിയ മന്‍സിലില്‍ സജീര്‍ (52), മകന്‍ അല്‍ അമീന്‍ (22), മലയിന്‍കീഴ് മൂങ്ങോട് നിഥിന്‍ ഭവനില്‍ നിഥിന്‍ (24), പടവന്‍കോട് മുസ്ലീം പള്ളിക്ക് എതിര്‍വശം എംഎ മന്‍സിലില്‍ മാഹീന്‍ മകന്‍ അന്‍സില്‍ (19), കുളത്തുങ്കല്‍ കടുവാക്കോണം തോട്ടരികത്ത് പുത്തന്‍ വീട്ടില്‍ ഷിബി (23), ശാസ്താംപാറ കുരിശടിക്കുസമീപം ജയ ഭവനില്‍ ശ്രീകുട്ടന്‍ എന്ന് വിളിക്കുന്ന വിജയ് (22) എന്നിവരാണ് അറസ്റ്റിലായത്.

വിളപ്പില്‍ശാല ചന്തയ്ക്ക് സമീപം മത്സ്യക്കച്ചവടം നടത്തുന്ന വിളപ്പില്‍ശാല വിളപ്പില്‍ പടവന്‍കോട് ഹുസൈന്‍ മന്‍സിലില്‍ അബൂബക്കര്‍ (62), മന്‍സൂര്‍ (34) എന്നിവരെയാണ് പ്രതികള്‍ പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ചത്. കഴിഞ്ഞ 29ന് രാത്രി ഒന്‍പതിന് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അബൂബക്കറിന്റെ വാരിയെല്ലിന് പരിക്കേറ്റിരുന്നു.

സംഭവ ശേഷം ഒളിവില്‍ പോയ പ്രതികള്‍ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി ദിവ്യ എസ്. ഗോപിനാഥിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഫലമായി പല സ്ഥലങ്ങളില്‍ നിന്നായാണ് പ്രതികളെ പിടികൂടിയത്. വിളപ്പില്‍ശാല ഇന്‍സ്പെക്ടര്‍ എന്‍ സുരേഷ് കുമാര്‍, എസ്ഐ ഗംഗാപ്രസാദ്, എഎസ്ഐ ബൈജു, സിപിഒമാരായ രതീഷ്, പ്രവീണ്‍, ജയശങ്കര്‍, പ്രദീപ്, സുബിന്‍സണ്‍ അജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

أحدث أقدم