ആരുമറിഞ്ഞില്ല; ബംഗാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ അജ്ഞാതൻ നുഴഞ്ഞു കയറി ഒരു രാത്രി താമസിച്ചു


ബംഗാൾ : 
പശ്ചിമ ബം​ഗാൾ  മുഖ്യമന്ത്രി മമതാ ബാനർജിയുടെ  സ്വകാര്യ വസതിയിൽ അതിക്രമിച്ചു കയറി അജ്ഞാതൻ. ഞായറാഴ്ചയാണ് സംഭവം. സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ കണ്ണു വെട്ടിച്ചാണ് ഇയാൾ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ കടന്നത്. ആ​രു​മ​റി​യാ​തെ ഇ​യാ​ൾ വീ​ട്ടി​ൽ ഒ​രു​രാ​ത്രി ചെ​ല​വ​ഴി​ക്കു​കയും ചെ​യ്തു. മുഖ്യമന്ത്രിയുടെ വസതിക്കു കാവൽ നിൽക്കുന്ന നിരവധി സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഇയാൾ എങ്ങനെ അകത്തു കടന്നു എന്നത് വ്യക്തമല്ല.

വീ​ടി​ന്റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് ഇ​യാ​ൾ അ​ക​ത്ത് ക​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീടിനുള്ളിലെ ഒ​രു​മൂലയി​ൽ ഇ​രു​ന്നാ​ണ് രാ​ത്രി ചെലവഴിച്ചത്. പിറ്റേന്നു രാവിലെയാണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ ക​ണ്ട​ത്. ഇവർ ഉടൻ തന്നെ കാളിഘട്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് ഇയാൾ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ എത്തിയതെന്നും പോലീസ് പറഞ്ഞു.

എ​ന്തി​നാ​ണ് ഇയാൾ വീ​ട്ടി​ൽ ക​യ​റി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും മാനസി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​കാമെന്നും പോലീ​സ് കൂട്ടിച്ചേർത്തു. എന്തിനാണ് മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ കയറിയത്, ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ ഇത് ചെയ്തത് തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

അതേസമയം, ബിജെപിയുടെ മതവിദ്വേഷ പ്രചാരണങ്ങൾക്കും നീതിരഹിതമല്ലാത്ത അറസ്റ്റുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രവാചക നിന്ദാ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെയും പേര് പറയാതെ മമത ആഞ്ഞടിച്ചു. ''നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ നമ്മുടെ സംസ്ഥാനം അവർക്ക് സമൻസ് അയച്ചിട്ടുണ്ട്. ഞങ്ങൾ അവരെ വെറുതെ വിടാൻ പോകുന്നില്ല. കള്ളം പറയുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും'', മമത പറഞ്ഞു. ചൊവ്വാഴ്ച അസൻസോളിൽ നടന്ന തൃണമൂൽ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. "ഞാൻ സോഷ്യൽ മീഡിയ ഇഷ്ടപ്പെടുന്നയാളാണ്. ഞാൻ സത്യം നന്നായി പറയുന്നവരുടെ പക്ഷത്താണ്. ജീവൻ തൃണവത്കരിച്ചും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവർക്കൊപ്പമാണ് ഞാൻ. എന്നാൽ, വ്യാജ വീഡിയോ കാണിക്കുക, വഞ്ചിക്കുക, നുണകൾ പ്രചരിപ്പിക്കുക എന്നതാണ് ബിജെപിയുടെ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ചെയ്യുന്നത്. അവർക്ക് ധാരാളം പണമുണ്ട്, അതുകൊണ്ടാണ് അവർ സോഷ്യൽ മീഡിയയിലും യുട്യൂബിലും കള്ളം പറയുന്നത്'', മമത കൂട്ടിച്ചേർത്തു.

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിന്റെ അറസ്റ്റിനെയും മമത വിമർശിച്ചു. ''നിങ്ങളുടെ നേതാവ് മതത്തെക്കുറിച്ച് കള്ളം പറയുകയും വൃത്തികെട്ട കാര്യങ്ങൾ പറയുകയും ചെയ്താൽ അവരെ അറസ്റ്റ് ചെയ്യരുത്. അവർ വളരെ ശാന്തമായി ഇരിക്കുന്നു... നിങ്ങൾ കൊന്നാലും ഇവിടെ യാതൊരു പ്രശ്നവുമില്ല. എന്നാൽ, ഞങ്ങളാരെങ്കിലും സംസാരിച്ചാൽ ഞങ്ങളെ കൊലപാതകികളായി മുദ്രകുത്തുന്നു. നിങ്ങൾ എന്തിനാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്? അവൻ എന്താണ് ചെയ്തത്?, എന്താണ് ടീസ്റ്റ ചെയ്തത്?. നിങ്ങളുടെ വൃത്തികെട്ട ആളുകളുടെ പേരുകൾ ഞാൻ പറയുന്നില്ല. മതത്തെ ദുരുപയോഗം ചെയ്യുന്നവരെ നിങ്ങൾ അറസ്റ്റ് ചെയ്യരുത്, അവർക്ക് നിങ്ങൾ സുരക്ഷ ഒരുക്കിക്കൊടുത്തോളൂ.. പക്ഷേ നമ്മുടെ സംസ്ഥാനം അവർക്ക് സമൻസ് അയച്ചിടുണ്ട്. ഞങ്ങൾ അവരെ വിടാൻ പോകുന്നില്ല. കള്ളം പറയുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും'', മമത വ്യക്തമാക്കി.

أحدث أقدم