യൂറോപ്പിൽ ചൂട് കൂടുന്നു; വ്യാപക നാശ നഷ്ടം


ലണ്ടൻ: കടുത്ത ചൂടിൽ ഉരുകുകയാണ് യൂറോപ്പ്. കാട്ടുതീ പടർന്ന് വീടുകൾ കത്തിനശിക്കുകയും ഉഷ്ണതരംഗത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.  യൂറോപ്പിലെ ഓരോ രാജ്യത്തും വ്യാപകമായ നാശനഷ്ടം സംഭവിച്ചതായി ഇവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  ബ്രിട്ടനിൽ ചരിത്രത്തിൽ ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ജർമനിയിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ഇന്നലെ. പോർച്ചുഗലിലും സ്പെയിനിലുമായി ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നതായാണ് പുറത്തു വരുന്ന വാർത്തകൾ. ഈ മാസം 12 ന് ശേഷം മാത്രം ഫ്രാൻസിൽ 50000 ത്തോളം ഏക്കർ ഭൂമിയാണ് കത്തി നശിച്ചത്. യുകെയിൽ ജൂലൈയിലെ ശരാശരി താപനില പകല്‍ സമയത്ത് 21 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ രാത്രി 12 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ താപനില സഹിക്കാവുന്നതിവും അപ്പുറമാണ്. കടുത്ത പ്രതിസന്ധിയാണ് യൂറോപ്പ് നഗരങ്ങളിലെ ജനങ്ങള്‍ നേരിടുന്നത്.  ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിപ്പിച്ചത്. ചൂട് വരും ദിവസങ്ങളിലും ഇനിയും കൂടാനാണ് സാധ്യത.

أحدث أقدم