മോസ്കോ: യുക്രെയ്ൻ ആക്രമിച്ചതിനു ശിക്ഷയായി ഉപരോധം കൊണ്ടു വശം കെടുത്തുന്ന യുഎസിന്, ‘ബഹിരാകാശത്ത്’ തിരിച്ചടി നൽകാൻ തയാറെടുത്ത് റഷ്യ. രാജ്യാന്തര ബഹിരാകാശനിലയവുമായി (ഐഎസ്എസ്) ബന്ധപ്പെട്ട് യുഎസുമായുള്ള സഹകരണം 2024ൽ അവസാനിപ്പിക്കാൻ റഷ്യ തീരുമാനിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസുമായുള്ള സഹകരണം അവസാനിപ്പിച്ച് സ്വന്തമായി ഒരു രാജ്യാന്തര ബഹിരാകാശ നിലയം പണിയാനാണ് പദ്ധതിയിൽ യുഎസിനൊപ്പമുള്ള പ്രധാന പങ്കാളിയായ റഷ്യയുടെ നീക്കമെന്നാണ് റിപ്പോർട്ട്.
രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകൾ പൂർത്തിയാകുന്നതിനാണ് 2024 വരെ സഹകരണം നീട്ടിയത്. ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും റഷ്യൻ സ്പേസ് കോർപറേഷനായ റോസ്കോസ്മോസിന്റെ ഡയറക്ടർ ജനറൽ യൂറി ബോറിസോവും തമ്മിൽ നടത്തിയ ചർച്ചയിലാണ് യുഎസുമായുള്ള സഹകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
യുഎസുമായുള്ള സഹകരണം അവസാനിപ്പിക്കുന്ന 2024ൽത്തന്നെ സ്വന്തമായി ഒരു ബഹിരാകാശ നിലയം നിർമിക്കാനുള്ള തയാറെടുപ്പുകൾക്കും തുടക്കമിടാനാണ് തീരുമാനം.
റഷ്യ, യുഎസ്, കാനഡ, ജപ്പാൻ, ബ്രസീൽ എന്നിവയ്‌ക്കൊപ്പം യൂറോപ്യൻ സ്‌പേസ് ഏജൻസി അംഗങ്ങളായ ആറു രാജ്യങ്ങളും ചേർന്നു നിർമിച്ച ബഹിരാകാശനിലയം 1998ൽ ആണു വിക്ഷേപിച്ചത്. ബഹിരാകാശ സാഹചര്യങ്ങൾ പഠിക്കുകയാണു ദൗത്യം.
നേരത്തെ, യുഎസുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകൾക്കിടെ ബഹിരാകാശ നിലയത്തിന്റെ കാര്യം ഓർമിപ്പിച്ച് റഷ്യ രംഗത്തെത്തിയിരുന്നു. നിയന്ത്രണം റഷ്യ കൈവിട്ടാൽ 550 ടൺ ഭാരമുള്ള ഐഎസ്എസ് ജനകോടികൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിലോ ചൈനയിലോ പതിക്കുന്ന സാഹചര്യമുണ്ടാകാം. ആ ദുരന്തം യുഎസിലോ യൂറോപ്പിലോ പോലുമാകാം. അതു വേണോയെന്നാണ് റഷ്യ അന്നു ചോദിച്ചത്.
നിലയത്തിന്റെ സഞ്ചാരപാതയും ഇടവുമെല്ലാം നിയന്ത്രിക്കുന്നത് റഷ്യയാണെന്ന് റോസ്കോസ്മോസിന്റെ അന്നത്തെ ഡയറക്ടർ ജനറൽ ദിമിത്രി റൊഗോസിൻ ട്വീറ്റ് ചെയ്തിരുന്നു. ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ ഐഎസ്എസിനെ ആരു രക്ഷിക്കും? റഷ്യയുടെ മുകളിൽകൂടി നിലയത്തിനു സഞ്ചാരപാതയില്ലാത്തതിനാൽ അപകടസാധ്യത മുഴുവൻ മറ്റുള്ളവർക്കാണെന്നും അന്നു റൊഗോസിൻ കുറിച്ചു.