സിലിക്കൺ വാലി: തന്‍റെ സ്വത്തെല്ലാം സന്നദ്ധസേവനത്തിനും ഗവേഷണത്തിനുമായി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് ശതകോടീശ്വരൻ ബിൽ ഗേറ്റ്റ്സ്. മുൻ ഭാര്യ ബെലിൻഡ ഗേറ്റ്സുമായി ചേര്‍ന്ന് സ്ഥാപിച്ച ബിൽ ആൻ്റെ മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ വഴി വരും വര്‍ഷങ്ങളിൽ തന്‍റെ സ്വത്തിൽ ഏറിയ പങ്കും ചെലവാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. നിലവിൽ ഫോര്‍ബ്സ് പട്ടിക പ്രകാരം ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. തനിക്കും കുടുംബത്തിനും ഭാവിയിലെ ഉപയോഗത്തിനുള്ളതു മാറ്റി വെച്ച ശേഷം സ്വത്തെല്ലാം സന്നദ്ധസംഘടനയുടെ പേരിലേയ്ക്ക് മാറ്റുമെന്നും ഫോര്‍ബ്സ് പട്ടികയിൽ നിന്ന് പടിയിറങ്ങുമെന്നും ബിൽ ഗേറ്റ്സ് പ്രഖ്യാപിച്ചു. എന്നാൽ ഇതൊരിക്കലും ഒരു ത്യാഗപ്രവൃത്തിയല്ലെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.
1975ലാണ് ബാല്യകാല സുഹൃത്തായ പോൾ അലനോടൊപ്പം ചേര്‍ന്ന് ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റിനു തുടക്കമിട്ടത്. ഹാര്‍വാഡ് സര്‍വകലാശാലയിൽ നിന്ന് പാതിവഴിയെ കോഴ്സ് അവസാനിപ്പിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ടെക് ലോകം അടക്കിവാണ ചരിത്രമാണ് മൈക്രോസോഫ്റ്റിനുള്ളത്. കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്നതിൻ്റെ പര്യായമായി മൈക്രോസോഫ്റ്റിൻ്റെ പ്രധാന ഉത്പന്നമായ വിൻഡോസ് മാറി. ഇതിനു പുറമെ എക്സ്ബോക്സ് ഗെയിമിങ് കൺസോൾ, ഓഫീസ് സ്യൂട്ട് തുടങ്ങിയ ഉത്പന്നങ്ങളും വൻ വിജയമായി.
ആപ്പിളും ഗൂഗിളും വിപണി കീഴടക്കുന്നതിനു മുൻപേ ഐടി മേഖലയിലെ അതികായരായിരുന്നു മൈക്രോസോഫ്റ്റ്. 1986ൽ പബ്ലിക് കമ്പനിയായപ്പോൾ 49 ശതമാനം ഓഹരികൾ ബിൽ ഗേറ്റ്സ് സൂക്ഷിച്ചു. അതോടെ ഒറ്റ ദിവസം കൊണ്ട് ബിൽ ഗേറ്റ്സ് ശതകോടീശ്വരനായി. 1995ൽ കമ്പനിയുടെ മൂല്യം 12.9 ബില്യൺ ഡോളറായി വളരുമ്പോൾ ഗേറ്റ്സിൻ്റെ പ്രായം 39 വയസ് മാത്രമായിരുന്നു. 2010 വരെ ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവിയും ബിൽ ഗേറ്റ്സ് നിലനിര്‍ത്തി.