രാത്രി അമ്മയെ വഴിയിൽ കൊണ്ട് നിർത്തി, പോലീസ് സഹായത്തോടെ അഗതിമന്ദിരത്തിൽ എത്തിച്ചു; ഒടുവിൽ മകന്‍റെ നാടകം പൊളിഞ്ഞത് ഇങ്ങനെ


പത്തനംതിട്ട: ആള്‍മാറാട്ടം നടത്തി അമ്മയെ അഗതിമന്ദിരത്തിലാക്കി മുങ്ങിയ മകനെതിരെ പരാതി നൽകി അടൂർ മഹാത്മ ജന സേവന കേന്ദ്രം. അര്‍ദ്ധരാത്രിയില്‍ വഴിയില്‍ വയോധികയെ കാണാനിടയായതിനെത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ച് പോലീസ് സഹായത്തോടെ ഇവരെ അഗതി മന്ദിരത്തിലാക്കി കബളിപ്പിച്ചു എന്നാണ് കേസ്. തിരുവനന്തപുരം വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തില്‍ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരി (71)യെയാണ് മകൻ അഗതി മന്ദിരത്തിൽ എത്തിച്ചത്.

14-07-2022 രാത്രിയില്‍ വൃദ്ധയുമായി വഴിയില്‍ നിന്ന മകന്‍ അജികുമാര്‍ പോലീസ് വാഹനത്തിന് കൈ കാണിക്കുകയും, തൻ്റെ പേര് ബിജുവെന്നാണെന്നും അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും പറഞ്ഞു. രാത്രി അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും മറ്റൊരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തിൽ അടൂര്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. അടൂര്‍ പോലീസ് എത്തി ഇവരെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിക്കുകയും ഒപ്പമുണ്ടായിരുന്ന ബിജുവെന്ന് പരിചയപ്പെടുത്തിയ ആളെ താമസസ്ഥലത്ത് എത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് 16ന് പകല്‍ ജ്ഞാനസുന്ദരിയുടെ ഫോണിലേക്ക് ബിജു നിരന്തരം വിളിച്ച് ഇവരെ കാണാൻ അനുമതി തേടി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി. അന്വേഷണത്തിൽ ഇയാള്‍ ജ്ഞാനസുന്ദരിയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു. അമ്മയെ ഉപേക്ഷിക്കുവാൻ മനപൂർവം ഇയാൾ തയ്യാറാക്കിയ നാടകമായിരുന്നു ഇതെന്നും പോലീസ് കണ്ടെത്തി. ജ്ഞാനസുന്ദരിയും മകന്‍ അജികുമാറും ഭാര്യ ലീനയും ചേര്‍ന്ന് നടത്തിയ കളളക്കളിയായിരുന്നു ഇതെന്നും അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമ്മയെ തെരുവില്‍ നിന്ന് കണ്ടെത്തിയ വയോധികയെന്ന നിലയിൽ അഭിനയിച്ച് അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാൾ സമ്മതിച്ചു.

അജിമുകാറിനെതിരെ മാതാവിനെ തെരുവില്‍ ഉപേക്ഷിച്ചതിനും ആള്‍മാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും അടൂര്‍ പോലീസിന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പരാതി നല്‍കി. അജികുമാറിനെ പോലീസ് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പ്രായമായ അമ്മയെ തെരുവിൽ ഉപേക്ഷിച്ച മകനെതിരെ ഓള്‍ഡ്ഏജ് മെയിന്‍റനന്‍സ് ആക്ട് പ്രകാരം നിയമനടപടികള്‍ക്കും അടൂര്‍ ആര്‍ഡിഒ മുമ്പാകെ അഭ്യര്‍ത്ഥന നടത്തിയതായും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പറഞ്ഞു.

أحدث أقدم