വിശുദ്ധ ചാവറ പിതാവിനെക്കുറിച്ചുള്ള നവോത്ഥാന ചരിത്രഭാഗം ഒഴിവാക്കിയത് പ്രതിഷേധാർഹം; മോൻസ് ജോസഫ് എംഎൽഎ





കോട്ടയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്  അച്ഛനെക്കുറിച്ചുള്ള നവോത്ഥാന ചരിത്രഭാഗങ്ങൾ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ തയ്യാറാകാതെ  ഒഴിവാക്കിയ സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും  തെറ്റായ നടപടിയിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 
         കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പ്രഥമ സംഭാവന നല്കിയ പ്രധാനപ്പെട്ടവരിൽ മുൻ നിരക്കാരനായിരുന്ന വിശുദ്ധ ചാവറ പിതാവിനെ പാഠപുസ്തക പഠനഭാഗത്തു നിന്നും ഒഴിവാക്കിയത് സർക്കാർ കാണിച്ച ചരിത്രനിന്ദയാണെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി.
      ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടു കൂടിയാണ് കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചതെന്നുള്ള ചരിത്ര സത്യം എല്ലാവരും അംഗീകരിക്കുന്നതാണ്. ഈ കാലഘട്ടത്തെ സജീവമായി വളർത്തിയെടുത്തത് വിശുദ്ധ ചാവറ പിതാവായിരുന്നു. പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിക്കാനും നിർമ്മിക്കാനുള്ള വിപ്ലവകരമായ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയുടെ വഴിതുറന്ന നടപടിയായിരുന്നു. അക്ഷരാഭ്യാസത്തിനും സാക്ഷരതയ്ക്കും  പ്രാഥമിക വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസ പുരോഗതിക്കും, സാംസ്കാരികമായ സമ്പന്നതക്കും ഇന്ന്  കേരള സംസ്ഥാനം മുൻപന്തിയിലെത്തിയെങ്കിൽ ഇതിനെ നന്ദിപൂർവ്വം ആദ്യം ഓർക്കേണ്ട നാമമാണ്  വിശുദ്ധ ചാവറ പിതാവിന്റേതെന്ന് മോൻസ് ജോസഫ് സർക്കാരിനെ ഓർമ്മപ്പെടുത്തി. സംസ്ഥാന സർക്കാരിന് സംഭവിച്ച തെറ്റായ നടപടി എത്രയും വേഗം തിരുത്താനും 7-ാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ വിശുദ്ധ ചാവറ പിതാവുമായി ബന്ധപ്പെട്ട നവോത്ഥാന ചരിത്രം ഉൾപ്പെടുത്താൻ  സർക്കാർ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

أحدث أقدم