വിദേശ ഹാജിമാര്‍ക്ക് സൗദി ഭരണകൂടം ഇത്തവണ നടപ്പിലാക്കിയത് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി

 


മക്ക: വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്കായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഇത്തവണ നടപ്പിലാക്കിയിരിക്കുന്നത് സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി. ഹജ്ജ് വേളയില്‍ ഉണ്ടാവുന്ന എല്ലാ അപടകടങ്ങള്‍, രോഗങ്ങള്‍, യാത്രാ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതാണ് ഇത്തവണനടപ്പിലാക്കിയ ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു.

അപടകങ്ങളില്‍ മരണം സംഭവിക്കുകയോ പൂര്‍ണ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മതിയായ നഷ്ടപരിഹാരം പദ്ധതിയിലൂടെ ലഭ്യമാവും. അപകട മരണം സംഭവിക്കുന്ന കേസുകളില്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന പക്ഷം മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. രാജ്യത്ത് നിന്ന് പുറപ്പെടുന്ന വിമാനം വൈകുകയോ റദ്ദാവുകയോ ചെയ്യുന്നത് മൂലമുള്ള നഷ്ടങ്ങളും ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരും. അതോടൊപ്പം കൊവിഡ് രോഗം ബാധിച്ചവര്‍ക്കുള്ള ക്വാറന്‍റൈന്‍, ചികില്‍സാ ചെലവുകള്‍ക്കും പദ്ധയില്‍ കവറേജ് ലഭിക്കും.

ഹാജിമാര്‍ക്ക് തങ്ങളുടെ ആരാധനാ കര്‍മങ്ങള്‍ ആത്മവിശ്വാസത്തോടെയും സൗകര്യത്തോടെയും നിര്‍വഹിക്കാന്‍ അവസരം ഒരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി കൂടിയാണ് ഹാജിമാര്‍ക്ക് ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ സൗദി സെന്‍ട്രല്‍ ബാങ്ക് വഴിയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.

തീര്‍ഥാടന വേളയില്‍ രാജ്യത്തിന് അകത്തുവച്ച് തീര്‍ഥാടകര്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ നിന്ന് അവരെ സുരക്ഷിതരാക്കുകയും അതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്യുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അപകടത്തില്‍ പെടുന്നവര്‍ക്ക് പെട്ടെന്നുള്ള ചികില്‍സ ലഭ്യമാക്കുകയും അവരുടെ തീര്‍ഥാടനം മുടങ്ങാതെ നോക്കുകയും ചെയ്യാന്‍ ഇതുവഴി സാധിക്കും. തവുനിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ വഴിയാണ് ഇത് ലഭ്യമാക്കുക. തീര്‍ഥാടകര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ മാത്രം നല്‍കിയാല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ 800440008 എന്ന നമ്പറിലോ www.enaya-ksa.com എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താല്‍ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചു.

أحدث أقدم