കൊളംബോ: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയിൽ പ്രസിഡൻ്റ് ഗോതബയ രാജപക്സെയെ ലക്ഷ്യമിട്ട് കൊട്ടാരം വളഞ്ഞിരിക്കുകയാണ് പ്രക്ഷോഭകര്‍. പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയിലെ അടുക്കളയും സ്വിമ്മങ് പൂളും വരെ പിടിച്ചെടുത്ത പ്രതിഷേധക്കാര്‍ കൊട്ടാരത്തിൽ നിന്ന് കണ്ടെടുത്ത നോട്ടുകെട്ടുകൾ വരെ പോലീസിനു കൈമാറി. ഇതിനിടയിൽ പ്രസിഡൻ്റ് രാജ്യം വിട്ടിട്ടുണ്ടാകാം എന്നാണ് ശ്രീലങ്കൻ മാധ്യമങ്ങൾ പറയുന്നത്.
കേരളത്തിൻ്റെ ഭൂപ്രകൃതിയാണ് ശ്രീലങ്കയ്ക്ക്. ഏറെക്കുറെ ഭക്ഷണരീതികളും സംസ്കാരവുമെല്ലാം സമാനവുമാണ്. 2.2 കോടി ജനസംഖ്യയുള്ള ശ്രീലങ്ക വര്‍ഷങ്ങൾ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷത്തിൽ നിന്നു കര കയറി ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളിൽ നിന്ന് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയായിരുന്നു. ഇതിനിടയിലാണഅ അപ്രതീക്ഷിതമെന്നു വിളിക്കാൻ കഴിയാത്ത നിലവിലെ പ്രതിസന്ധികൾ.
വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞതോടെയാണ് ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് വഴുതി വീണത്. വിദേശ നാണ്യം കുത്തനെ ഇടിഞ്ഞതോടെ രാജപക്സെ സര്‍ക്കാരിന് പെട്രോളിയം ഉള്‍പ്പെടെ അവശ്യ വസ്തുക്കളൊന്നും ഇറക്കുമതി ചെയ്യാൻ കഴിയാത്ത സാഹചര്യമായി. ഇതോടെ ലങ്കയിൽ വിലക്കയറ്റം രൂക്ഷമായി. അവശ്യവസ്തുക്കളുടെ ക്ഷാമവും ക്രമാതീതമായി ഉയര്‍ന്നു. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്ന് കടമെടുക്കാനുള്ള പദ്ധഥിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെങ്കിലും കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതും തിരിച്ചടിയായിട്ടുണ്ട്.
എന്നാൽ എങ്ങനെയാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടത് എന്നതാണ് പ്രധാന ചോദ്യം. തുടര്‍ച്ചയായി ഭരിച്ച സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി നടത്തിയ സാമ്പത്തിക നിരുത്തരവാദിത്തമാണ് പ്രതിസന്ധിയുടെ മൂലകാരണം എന്ന് ഒറ്റ വാക്കിൽ പറയേണ്ടി വരും. ശ്രീലങ്കയെ ഒരു ഇരട്ട കമ്മി സമ്പദ്‍വ്യവസ്ഥ എന്നാണ് 2019ൽ തന്നെ ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്ക് വിശേഷിപ്പിച്ചത്. രാജ്യത്തെ മൊത്തം ചെലവ് വരുമാനത്തെക്കാൾ കൂടുതലാണ്. അതോടൊപ്പം രാജ്യത്തെ മൊത്തം ഉത്പാദനത്തിലും കുറവുണ്ട്. അതായത് കൊവിഡ് 19 ലോകമെമ്പാടും സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾക്കു മുൻപു തന്നെ ശ്രീലങ്ക കെണിയിലാണ്.
എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി രാജപക്സെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതിസന്ധിയുടെ ആഴം കൂട്ടി. നികുതി കുത്തനെ വെട്ടിക്കുറച്ചതോടെ സര്‍ക്കാര്‍ വരുമാനം വീണ്ടും ഇടിഞ്ഞു. ഇതോടൊപ്പം കൊവിഡ് കാലത്ത് ടൂറിസം വരുമാനം കൂടി നഷ്ടപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായി.
അന്താരാഷ്ട്ര ഏജൻസികള്‍ ശ്രീലങ്കയുടെ ക്രെഡിറ്റ് റേറ്റിങ് കൂടി താഴ്ത്തിയതോടെ അന്താരാഷ്ട്ര വിപണിയുമായുള്ള ഇടപാടുകളും തടസ്സപ്പെട്ടു. ഈ വിപണികളിൽ നിന്നുള്ള കടമെടുപ്പ് കടി തടസ്സപ്പെട്ടതോടെ വിദേശനാണ്യ ശേഖരം 70 ശതമാനത്തോളം ഇടിഞ്ഞു. ഇതിനിടെ രാസവള ഇറക്കുമതി അവസാനിപ്പിക്കാനുള്ള വിചിത്ര തീരുമാനം കാര്‍ഷികമേഖലയെയും പ്രതിസന്ധിയിൽ മുക്കി.
നിലവിലെ പ്രതിസന്ധിയിൽ പരോക്ഷമായി പങ്കുണ്ടെങ്കിലും ശ്രീലങ്കയുടെ പൊതുകടത്തിൽ ചൈനയ്ക്ക് അത്ര വലിയ പങ്കില്ല. ശ്രീലങ്കയ്ക്ക് നിലവിൽ 2.31 ബില്യൺ ഡോളർ വിദേശനാണ്യ ശേഖരമാണുള്ളത്. എന്നാൽ ഈ വർഷം മാത്രം തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 4 ബില്യൺ ഡോളർ വരും. ഇതിൽ തന്നെ 1 ബില്യൺ ഡോളറിൻ്റെ ഇൻ്റർനാഷണൽ സോവറൈൻ ബോണ്ട് ഈ ജൂലൈയിൽ തിരിച്ചടവ് തുടങ്ങുന്നതാണ്. 12.55 ബില്യൺ ഡോളറിൻ്റെ കടബാധ്യതയുള്ള രാജ്യത്തിന് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകിയിട്ടുള്ളതും ഐഎസ്ബിയാണ്.
ചൈനയുടെ മൊത്തം വിദേശകടത്തിൻ്റെ 10 ശതമാനമാണ് ചൈന നൽകിയിട്ടുള്ളത്. ഇത്ര തന്നെ തുക ജപ്പാനും നൽകിയിട്ടുണ്ട്. ചൈന തന്നിരിക്കുന്നതിൽ 60 ശതമാനത്തോളം കൺസഷൻ ലോണുകൾ മാത്രമാണ്. ഹംപൻതോട്ട തുറമുഖ നിര്മാണത്തിനടക്കം ചൈനയിലെ എക്സിംബാങ്ക് നൽകിയ ലോണുകളിൽ ഒന്ന് മാത്രമാണ് തിരിച്ചടവ് എങ്കിലും തുടങ്ങിയിട്ടുള്ളത്. അതായത് ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നിൽ വിദേശകടമല്ല, അതിൻ്റെ വലിയൊരു കാരണം വിദേശനാണ്യ നിക്ഷേപം ഇല്ലാത്തതാണ്.