സ്രാവ് വെള്ളത്തിനടിയിലേക്ക് കടിച്ചുവലിച്ചു; വിനോദ സഞ്ചാരിയുടെ കൈ വേർപ്പെട്ടു, ചെങ്കടലിൽ രണ്ട് മരണം

 


കൊയ്റോ: ചെങ്കടലിൽ സ്രാവിൻ്റെ ആക്രമണത്തിൽ രണ്ട് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയൻ സ്വദേശിനിയും റൊമാനിയൻ സ്വദേശിനിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മരണം ഈജിപ്ത് പരിസ്ഥിതി മന്ത്രാലയവും വിദേശ മന്ത്രാലയവും സ്ഥിരീകരിച്ചു. 68 വയസുകാരിയായ ഓസ്ട്രേലിയൻ സ്വദേശിനിയാണ് സ്രാവിൻ്റെ ആക്രമണത്തിൽ വെള്ളിയാഴ്ച ആദ്യം കൊല്ലപ്പെട്ടത്. സ്രാവിൻ്റെ ആക്രമണത്തിൽ ഇവരുടെ കൈ വേർപ്പെട്ടു. കടലിൽ നീന്തുന്നതിനിടെ ഞായറാഴ്ചയാണ് റൊമാനിയൻ സ്വദേശിനിക്ക് നേരെ സ്രാവിൻ്റെ ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് റൊമാനിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ഓസ്ട്രേലിയൻ സ്വദേശിനിയുടെ മരണത്തിന് പിന്നാലെ വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് തടഞ്ഞു. കടലിൽ കുളിക്കുന്നതിനും നീന്തുന്നതിനും വിലക്കുണ്ട്. മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ഓസ്ട്രേലിയൻ സ്വദേശിനിയെ സ്രാവ് ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.

ചെങ്കടലിലെ ഹുർഗദയ്ക്ക് തെക്ക് സഹൽ ഹഷീദ് ഭാഗത്തെ കടലിൽ നീന്തുന്നതിനിടെയാണ് വിനോദ സഞ്ചാരികളെ സ്രാവ് ആക്രമിച്ചതെന്ന് ഈജിപ്ഷ്യൻ മന്ത്രാലയം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഓസ്ട്രേലിയൻ സ്വദേശിനിക്ക് നേരെ സ്രാവിൻ്റെ ആക്രമണം ഉണ്ടായ ഭാഗത്തെ ബീച്ചുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ഗവർണർ അമർ ഹനാഫി നിർദേശം നൽകി. സ്രാവിൻ്റെ ആക്രമണത്തിൽ ചെങ്കടലിൽ വിനോദ സഞ്ചാരികൾ മുൻപും മരിച്ചിരുന്നു. 2015ൽ ഒരു ജർമൻ വിനോദ സഞ്ചാരിയും 2018ൽ ചെക്ക് വിനോദ സഞ്ചാരിയും കൊല്ലപ്പെട്ടിരുന്നു. 2020ൽ സ്രാവിൻ്റെ ആക്രമണത്തിൽ ഒരു ഉക്രൈൻ പൗരന് കൈ നഷ്ടമായിരുന്നു.
ഈജിപ്തിലെ ചെങ്കടൽ തീരപ്രദേശത്ത് അടുത്ത കാലത്തായി സ്രാവ് ആക്രമണങ്ങൾ കുറഞ്ഞ തോതിലായിരുന്നു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ചെങ്കടലിൽ സ്രാവുകൾ സാധാരണമാണ്. അംഗീകൃത പരിധിക്കുള്ളിൽ നീന്തുന്ന ആളുകളെ അപൂർവമായിട്ട് മാത്രമാണ് സ്രാവുകൾ ആക്രമിക്കുക. പരിധി ലംഘിച്ച് പുറത്തേക്ക് പോകുന്നവരെയാണ് പലപ്പോഴും സ്രാവുകൾ ആക്രമിക്കുക.
أحدث أقدم