സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്

 


തിരുവനന്തപുരം : സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ രോഗം പടരുകയുള്ളൂ. ലോകാരോഗ്യസംഘടനയുടേത് അടക്കം എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കം 11 പേർ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്.

രോഗി ഇപ്പോൾ ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്.

أحدث أقدم