കണ്ണൂർ: മങ്കി പോക്‌സ് രോഗ ലക്ഷണങ്ങളെ തുടർന്ന് കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പ് ഒരാളെ നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ ആളാണ് നിരീക്ഷണത്തിലുളളത്. ഇയാളുടെ സാംപിൾ പരിശോധനാ ഫലം 3 ദിവസത്തിനകം ലഭ്യമാകും. വിദേശത്ത് നിന്ന് എത്തുന്ന ആളുകളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നെടുമ്പാശേരി, കണ്ണൂർ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരിൽ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ചറിയാനും ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാനുമാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. സംശയനിവാരണത്തിനും ഈ ഹെൽപ്പ് ഡെസ്‌കുകൾ ഉപകാരപ്രദമാകും. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെയാണ് ഹെൽപ്പ് ഡെസ്‌കുകളിൽ നിയോഗിച്ചിരിക്കുന്നത്.
ജില്ലകളിൽ പ്രത്യേക ഐസോലേഷൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും അനൗൺസ്‌മെന്റുകൾ നടത്തും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കി പോക്‌സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്തിട്ടുള്ളവർ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ എയർപോർട്ട് ഹെൽപ്പ് ഡെസ്‌കിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗ ലക്ഷണം പ്രകടമായാൽ 21 ദിവസം വായു സഞ്ചാരമുള്ള മുറിയിൽ കഴിയണമെന്നാണ് നിർദ്ദേശം. ഗർഭിണികൾ, കുട്ടികൾ, രോഗ പ്രതിരോധ ശേഷി കുറവുള്ളവർ എന്നിവരുമായി അടുത്ത് ഇടപഴകരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.