തിരുവനന്തപുരം; സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും സംഘം നൽകും.
ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ (എന്‍സിഡിസി) ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡല്‍ഹിയിലെ ഡോ. ആര്‍എംഎല്‍ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്‌റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖലാ അഡ്വസര്‍ ഡോ. പി രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം. സംഘം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അതിനിടെ രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുമായി സംമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ മാതാപിതാക്കൾ, കാർ, ഓട്ടോ ഡ്രൈവർമാർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേർ എന്നിവരാണ് ഏറ്റവും അടുത്ത് സമ്പർക്കം പുലർത്തിയവർ. ഇവരെല്ലാം നിരീക്ഷണത്തിലാണ്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണിത്. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തുന്നവർക്കാണ് ഇത് പകരുന്നത്. ഫിസിക്കൽ കോൺടാക്ട്, മാസ്ക് വെയ്ക്കാതെ അടുത്ത പെരുമാറിയാൽ തുടങ്ങിയ രീതികൾ വഴിയാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണാനാകും
മൂന്ന് ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ കേരളത്തിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പൊസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും ആണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്.ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാണ്.