മലപ്പുറം: അസം സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അസം നഗൗണിലെ സര്‍ക്കേ ബസ്തി വില്ലേജിലെ സിറാജുല്‍ ഹഖ്(23)നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുമാസം മുന്‍പ് സമൂഹമാധ്യമത്തിലൂടെയായിരുന്നു ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായത്.
താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് സിറാജുല്‍ ഹഖ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി അസമിലെ സ്‌കൂള്‍ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നു. പെൺകുട്ടിയെ കേരളത്തിലെത്തിച്ച പ്രതി കൊല്ലത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ താമസിച്ച് രണ്ടുദിവസം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതി വിവാഹിതനാണെന്നറിഞ്ഞ പെണ്‍കുട്ടി താന്‍ കേരളത്തിലുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. കുട്ടി പീഡനത്തിനിരയായതായി മലപ്പുറം ചൈല്‍ഡ് ലൈനില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണയില്‍ പോലീസ് കേസെടുത്തത്. കുട്ടിയെ പെരിന്തല്‍മണ്ണയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ അനുമതിയോടെ ദ്വിഭാഷിയെ കണ്ടെത്തിയാണ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തത്. പ്രതി പെരിന്തല്‍മണ്ണയിലുണ്ടെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു. പോക്സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.