കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ലൈംഗിക പീഡനക്കേസിലും പോക്‌സോ കേസിലും ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് മോന്‍സണ്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ജീവനക്കാരിയുടെ മകളെ കലൂരിലെ വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പോക്‌സോ കേസ്. വിവാഹിതയായ യുവതിയ ബലാത്സംഗം ചെയ്തുവെന്നതാണ് അടുത്ത കേസ്.
വ്യാജപുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ 2021 സെപ്തംബറില്‍ മോന്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പീഡനക്കേസുകള്‍ പുറത്തുവന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ മോൻസണ് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സംസ്ഥാന ഏജന്‍സികള്‍ക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെയും അന്വേഷണ പുരോഗമിയ്ക്കുകയാണ്. ഇ ഡി അന്വേഷിയ്ക്കുന്ന കള്ളപ്പണക്കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ മൊഴികള്‍ വസ്തുതാപരമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനം. സര്‍വീസില്‍ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി അന്വേഷണം അവസാനിപ്പിക്കും മുന്‍പ് രേഖപ്പെടുത്തിയേക്കും.
ഒന്നര മാസം മുന്‍പാണു മോന്‍സന്റെ മൊഴി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അനിതാ പുല്ലയിലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. മോന്‍സനുമായി അടുപ്പം പുലര്‍ത്തിയിരുന്ന 3 പൊലീസ് ഉദ്യോഗസ്ഥരാണു സംശയത്തിന്റെ നിഴലിലുള്ളത്. ഇതില്‍ ഒരാളാണു വിരമിച്ചത്. പുരാവസ്തു തട്ടിപ്പുമായി നേരിട്ടു ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരാളാണെങ്കിലും വിരമിച്ച ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകള്‍ മോന്‍സൺ നടത്തിയിരുന്നു. പൊലീസുകാരെ സംരക്ഷിക്കുന്ന മൊഴികളാണു മോന്‍സന്‍ ഇഡിക്കു നല്‍കിയതെങ്കിലും തെളിവുകള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മോന്‍സൺ വെളിപ്പെടുത്തിയതായാണ് അറിയുന്നത്.
മോന്‍സണ്‍ കേസ് അട്ടമറിയ്ക്കപ്പെടുന്നു എന്നാരോപിച്ച് കേസിലെ പരാതിക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.അന്വേഷണം ഫലപ്രദമല്ലെന്നും ഡി.ജി.പിയുടെ കീഴിലുള്ള പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം ടി ഷെമീര്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
വ്യാജരേഖകള്‍ ചമച്ചും കോടിക്കണക്കിന് രൂപയുടെ ബാങ്ക് ബാലന്‍സുണ്ടെന്ന് വിശ്വസിപ്പിച്ചും വിദേശത്തേക്ക് പുരാവസ്തുക്കള്‍ നല്‍കിയ വകയില്‍ പണം ലഭിക്കാനുണ്ടെന്ന് വിശ്വസിപ്പിച്ചും ഹർജിക്കാരനടക്കം അഞ്ചുപേരെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് മോന്‍സണിനെതിരായ കേസ്.
2021 സെപ്റ്റംബര്‍ 30ന് ഇവര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാല്‍, തട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ നല്‍കിയിട്ടും ക്രൈംബ്രാഞ്ച് എസ്പി നടപടിയെടുക്കുന്നില്ലെന്ന് ഹർജിയില്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നും ഡി.ഐ.ജി സുരേന്ദ്രന്‍, ഐ.ജി ജി. ലക്ഷ്മണ്‍, കെ. സുധാകരന്‍ എം.പി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തയാറായില്ലെന്നും പരാതിക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.