രാജ്യ തലസ്ഥാനത്തിന്റെ മകുടമായ റെയ്‌സിനക്കുന്നിലെ പ്രൗഡഗംഭീരമായ കൊട്ടാരത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ പാലസ്.
രാഷ്ട്രപതി ഭവന്‍
റെയ്‌സിനക്കുന്നിലെ 330 ഏക്കറുള്ള എസ്റ്റേറ്റിന് നടുവില്‍ അഞ്ചേക്കറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാഷ്ട്രപതി ഭവന്‍. സര്‍ എഡ്വിന്‍ ലുട്യെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്ന രണ്ട് പെരുന്തച്ചന്‍മാര്‍ അനിതര സാധാരണമായ ഭാവനയില്‍, കാലത്തിന് മുമ്പേ ഒരുക്കിയ എച്ച് ആകൃതിയിലെ ഈ കൊട്ടാരം
വ്യത്യസ്ത വാസ്തുശൈലികളുടെ സമ്മേളനമാണ് കാട്ടിത്തരുന്നത്.
കൊല്‍ക്കത്തയില്‍ നിന്ന് രാജ്യതലസ്ഥാനം ഡല്‍ഹിയിലേക്ക് പുനഃപ്രതിഷ്ഠിക്കാന്‍
ജോര്‍ജ് അഞ്ചാമന്റെ 1911ലെ ഡല്‍ഹി ദര്‍ബാറിന് ശേഷം ബ്രിട്ടീഷുകാര്‍ തീരുമാനിച്ചപ്പോള്‍, വൈസ്രോയിക്കൊരുക്കിയ കൊട്ടാരം പണിയാനെത്തിയത് 23,000 തൊഴിലാളികള്‍. കൊത്തിമിനുക്കിയ സാന്‍ഡ് സ്റ്റോണും മാര്‍ബിളും 17 കൊല്ലം കൊണ്ട് പലയിടങ്ങളില്‍ ചേരുംപടി ചേര്‍ത്ത് വിന്യസിച്ചപ്പോള്‍ അതൊരു മാസ്റ്റര്‍ പീസായി. റോമന്‍ ശൈലി പിന്‍പറ്റിയ തൂണുകളും മേല്‍ത്തട്ടും, ബുദ്ധസ്തൂപത്തെ അനുസ്മരിപ്പിക്കുന്ന മകുടവുമെല്ലാം ചേര്‍ത്ത് പ്രഭുവിന് രാജകീയ വാസസ്ഥലം തയ്യാറായത് 1929ലാണ്.
നാലുനിലകളിലായി 340 മുറികള്‍, രണ്ടരക്കിലോമീറ്റര്‍ നീണ്ട ഇടനാഴി, വര്‍ണപ്രപ്രഞ്ചമൊരുക്കാന്‍ 190 ഏക്കര്‍ പൂന്തോട്ടം. ആധിപത്യത്തിന്റെ കയ്യൊപ്പിട്ട, തൊഴിലാളികളുടെ ചോരചിന്തിയ പണിക്കുറ്റപ്പാടുതീര്‍ത്ത കെട്ടിടത്തിന്റെ പേര് രാഷ്ട്രപതിഭവന്‍.
മുന്‍ രാഷ്ട്രപതി ആര്‍.വെങ്കിട്ടരാമന്‍ പറഞ്ഞതുപോലെ പ്രകൃതിയും മനുഷ്യനും, ശിലയും ശൈലിയും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കോര്‍ത്തിണങ്ങിയ കെട്ടിടം. ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള അതിഥിമുറികള്‍, ചേംബറുകള്‍, ഇടനാഴികള്‍, ഹാളുകള്‍, ഗാലറികള്‍, ഗോവണികള്‍, അടുക്കളകള്‍. വൈസ്രോയിക്കൊട്ടാരം 1947ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, ഗവണ്‍മെന്റ് ഹൗസ് എന്ന് പേരുമാറ്റി മിനുങ്ങി. ഡോ.ആര്‍.രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായപ്പോഴാണ് രാഷ്ട്രപതി ഭവനെന്ന പേര് വൈസ്രോയി കൊട്ടാരത്തിന് കിട്ടുന്നത്.
ഇര്‍വിന്‍ പ്രഭു മുതല്‍ മൗണ്ട് ബാറ്റന്‍ വരെയുള്ള വൈസ്രോയിമാര്‍ താമസിച്ച വൈസ്രോയി കൊട്ടാരത്തില്‍ ആദ്യമായി താമസിച്ച ഇന്ത്യക്കാരന്‍ സി. രാജഗോപാലാചാരിയെന്ന, ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍. 1948 ജൂണ്‍ 21ന് കൊട്ടാരത്തിന്റെ സെന്‍ട്രല്‍ ഡോമിലായിരുന്നു സത്യപ്രതിജ്ഞ. അമിതാഡംബരത്തില്‍ തെല്ലും ഭ്രമിക്കേണ്ടെന്ന് തീരുമാനിച്ച്, വൈസ്രോയിയുടെ കിടപ്പുമുറിയുടെ രാജകീയത വേണ്ടെന്ന് വച്ച് ചെറിയ കിടപ്പുമുറി തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ മാതൃക പിന്‍ഗാമികളും തുടര്‍ന്നു. അങ്ങനെ വൈസ്രോയി മുറി രാഷ്ട്രത്തലവന്‍മാര്‍ക്കായുള്ള അതിഥിമുറിയായി മാറിയതും ചരിത്രത്താളുകളില്‍ ഭദ്രം.
വൈസ്രോയിക്കൊട്ടാരത്തിലേക്ക് രാഷ്ട്രീയനേതൃത്വം എത്തും മുമ്പേ, വൈസ്രോയി ക്ഷണിച്ചുകൊണ്ടുപോയ ഒരാളുണ്ട്, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മുറുമുറുപ്പ് കണക്കാക്കാതെ നടത്തിയ ചര്‍ച്ചയ്ക്ക് വൈസ്രോയി കൊട്ടാരത്തിലേക്ക് ഗാന്ധിജി പോയത് ഉപ്പുനികുതിക്കെതിരെ പ്രതിഷേധമറിയിക്കാന്‍, പ്രഭുവിന്റെ ചായയിലിടാന്‍ കയ്യില്‍ ഉപ്പും കരുതിയാണ്. ഇര്‍വിന്‍ പ്രഭുവുമായുള്ള വൈസ്രോയിക്കൊട്ടാരത്തിലെ കൂടിക്കാഴ്ചകള്‍ 1931 മാര്‍ച്ച് 5ലെ ഗാന്ധി ഇര്‍വിന്‍ ഉടമ്പടിയിൽ എത്തിയതും കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന് ചരിത്രത്തിലേക്ക് കയറി.