'ശരിക്കും പറയാന്‍ പാടില്ലാത്തതാണ്‌, സ്പീക്കർ വരുമോ?’: ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ ചെവിയിൽ പറഞ്ഞത് പുറത്ത്


തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതെന്ന് ആ സമയം സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ എംഎൽഎ പറയുന്നതിന്റെ വിഡിയോ പുറത്തുവന്നു. എം എം മണിയുടെ പരാമർശം വിവാദമാകുകയും പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഉദ്യോഗസ്ഥനോട് ഇ കെ വിജയൻ ഇങ്ങനെ പറഞ്ഞത്.

സ്പീക്കർ സഭാ ഹാളിന് പുറത്തേക്കു പോയപ്പോഴാണ് ഇ കെ വിജയനെ ചുമതല ഏൽപിച്ചത്. സ്പീക്കര്‍ പാനലിലുള്ളയാളാണ് ഇ കെ വിജയന്‍. ‘ശരിക്കും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കർ ഉടനെ വരുമോ?’ - സമീപത്തു നിൽക്കുന്ന ഉദ്യോഗസ്ഥനോട് ഇ കെ വിജയൻ ഇപ്രകാരം ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്. നാദാപുരത്തുനിന്നുള്ള സിപിഐ എംഎൽഎയാണ് ഇ കെ വിജയൻ.

എന്നാൽ, മണി പറഞ്ഞതിൽ പിശകുണ്ടോ എന്നു പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇ കെ വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കർ വരുന്നുണ്ടോ എന്നാണ് സെക്രട്ടറിയോടു ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗിക്കുന്നവരാണ് ഔചിത്യം തീരുമാനിക്കേണ്ടത്. സംസാരത്തിൽ നാട്ടുഭാഷകളും ഘടകമാകാം. പരാതിയുണ്ടെങ്കിൽ പരിശോധിച്ച് പിന്നീട് റൂളിങ് നടത്താനേ സ്പീക്കർക്ക് സാധിക്കൂവെന്നും ഇ കെ.വിജയൻ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’- ഭർത്താവായ ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച് എം എം മണി പറഞ്ഞു.

أحدث أقدم