'ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോഴുള്ള ബലാത്സംഗ ആരോപണം കുറ്റമായി നിലനില്‍ക്കില്ല'




 
കൊച്ചി: ലിവ് ഇന്‍ ബന്ധത്തില്‍ വിള്ളല്‍ വീണു എന്നതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് ഒരാള്‍ പിന്‍മാറുന്നത് വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. 

ബലാത്സംഗ കേസില്‍, അഭിഭാഷകനായ നവനീത് ആര്‍ നാഥ് നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലിവ് ഇന്‍ ബന്ധങ്ങള്‍ ഇപ്പോള്‍ സാധാരണമാണെന്നും അതു തുടര്‍ന്നു പോവാനാവില്ലെന്നു കണ്ട് ഒരാള്‍ പിന്‍മാറിയാല്‍ അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ലൈംഗിക ബന്ധം സ്്ത്രീയുടെ സമ്മതത്തോടെയാണ് നടന്നത് എന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളിലേതു പോലെ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലിവ് ഇന്‍ ബന്ധങ്ങള്‍ സാധാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധം ഏറെ മുന്നോട്ടുപോയതിനു ശേഷമാവും ഇവരില്‍ ഒരാള്‍ക്ക് ഇതു തുടരാനാവില്ലെന്നു ബോധ്യപ്പെടുക. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം നിലനില്‍ക്കണമെന്നില്ല. അത് വിശ്വാസ വഞ്ചന മാത്രമാണെന്ന് ജസ്റ്റിസ് ബെഞ്ച് കുര്യന്‍ തോമസിന്റെ ബെഞ്ച് പറഞ്ഞു. 

തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഈ കേസില്‍ സ്ത്രീയുടെ കണ്‍സന്റ് നേടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ടുതന്നെ ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 


أحدث أقدم