തിരുവനന്തപുരം: പിസി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് കോടതി. ജാമ്യ ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നൽകാൻ അഞ്ച് മാസം വൈകിയതിനു കൃത്യമായ കാരണവും ബോധിപ്പിച്ചിട്ടില്ല. ഇതെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നു കോടതി ചൂണ്ടികാട്ടുന്നു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് നിരീക്ഷണം.
മുന്‍ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ്. ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ള ആളുമാണ് പരാതിക്കാരി. പിസി ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല. അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നല്‍കിയില്ല.
തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താത്പര്യത്തോടെ പിസി ജോർജ് തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ജോർജിനെ വിളിച്ച് വരുത്തിയിരുന്നു. ഈ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്.