സമുദ്ര പരീക്ഷണങ്ങൾ പൂർത്തിയാക്കി ഐഎൻഎസ് വിക്രാന്ത്




കൊച്ചി : രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഈ മാസം അവസാനം വിക്രാന്ത് നാവിക സേനയ്ക്കു കൈമാറും. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി കപ്പൽ രാജ്യത്തിനു സമർപ്പിക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു വിക്രാന്ത് ആദ്യ സമുദ്ര യാത്ര നടത്തിയത്. ഇതിനു പിന്നാലെ ഒക്ടോബറിലും ഈ വർഷം ജനുവരിയിലും രണ്ടും മൂന്നും ഘട്ട സമുദ്ര പരീക്ഷണങ്ങൾ കൂടി പൂർത്തിയാക്കി. കപ്പലിലെ ഉപകരണങ്ങളുടെയും മറ്റു സംവിധാനങ്ങളുടെയും ക്ഷമത വിലയിരുത്തുകയാണ് ഈ പരീക്ഷണ യാത്രകളുടെ ഉദ്ദേശ്യം. ജൂലൈ രണ്ടിനാണ് അവസാന ഘട്ട പരീക്ഷണങ്ങൾക്കായി കപ്പൽ സമുദ്ര യാത്ര പുറപ്പെട്ടത്. ഏവിയേഷൻ ഫെസിലിറ്റീസ് കോംപ്ലക്സിലെ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളുൾപ്പെടെ നാലാം ഘട്ടത്തിൽ വിലയിരുത്തി. 

ചെറു വിമാനങ്ങളും ഹെലികോപ്റ്ററുകളും കപ്പലിൽ ഇറക്കിയുള്ള പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി. കപ്പലിൽ ഘടിപ്പിച്ച തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ദിശാനിർണയ ഉപകരണങ്ങൾ, ഗതി നിയന്ത്രണ സംവിധാനങ്ങൾ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, റഡാറുകൾ, ശീതീകരണ ഉപകരണങ്ങൾ തുടങ്ങിയവയുടെ ക്ഷമതയും പരിശോധിച്ചു.


أحدث أقدم