നടിയെ ആക്രമിച്ച കേസ്: ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്


തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങൡ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ച സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.

أحدث أقدم