തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു


തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ളു പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കിളിമാനൂര്‍ ചൂട്ടയില്‍ കാവുവിളാകത്ത് വീട്ടില്‍ സിദ്ധാര്‍ത്ഥ് (11) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുന്‍പ് പനി ബാധിച്ച് കേശവപുരം ആശുപത്രിയില്‍ ചികിത്സ തേടുകയും പനി കലശലായതിനെ തുടര്‍ന്ന് വലിയകുന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നാലുമണിക്കാണ് അന്ത്യം സംഭവിച്ചത്. കിളിമാനൂര്‍ ഗവണ്‍മെന്റ് എച്ച് എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സിദ്ധാര്‍ത്ഥ്.

തിരുവനന്തപുരത്ത് അടുത്തിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അശ്വതി ഉള്‍പ്പെടെ രണ്ട് പേര്‍ ചെള്ള് പനി ബാധിച്ചിച്ച് മരിച്ചിരുന്നു. ഈ മാസം ഇതുവരെ മാത്രം 70പേര്‍ക്കാണ് ചെള്ളു പനി സ്ഥിരീകരിച്ചത്. 15പേര്‍ രോഗ ലക്ഷണങ്ങളോടെ ഈ മാസം ചികില്‍സ തേടുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. മരണം 5. എലികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ ലാര്‍വ എലിയുടെ ശരീരത്തില്‍ നിന്നോ കുറ്റിച്ചെടികളുടെ ഇലകളില്‍ നിന്നോ മനുഷ്യനെ കടിക്കാന്‍ ഇടയായാല്‍ ചെള്ളു പനി ഉണ്ടാകും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല.

പെട്ടെന്നുള്ള പനി, വിറയല്‍, തലവേദന, ശരീരവേദന, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ലാര്‍വയുടെ കടിയേറ്റ ഭാഗത്ത് ചൊറിച്ചിലുണ്ടാകും. ഒപ്പം പൊളളിയ പോലെ പാടും. തൊലിപ്പുറത്ത് ചുവന്ന പാടുകളും കഴലകളും രൂപപ്പെടും. ചെള്ളുപനി ചികില്‍സിച്ച് ഭേദമാക്കാന്‍ പറ്റുന്ന രോഗമാണ്. കൃത്യമായ മരുന്നുകളും ഉണ്ട്. എന്നാല്‍ കൃത്യമായ ചികില്‍സ കിട്ടിയില്ലെങ്കില്‍ വൃക്കകളേയും കരളിനേയും ബാധിക്കുന്ന രോഗം ജീവനെടുക്കും.

أحدث أقدم