ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സാപ് ചാറ്റ് പുറത്ത്; മൊഴിയെടുക്കാന്‍ നീക്കം


കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുമായി നടന്‍ ദിലീപ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വാട്‌സാപ് സന്ദേശം പുറത്ത്. ഇരുവരും ഒരു വര്‍ഷം മുമ്പ് നടത്തിയ ചാറ്റാണ് പുറത്തുവന്നത്. 2021 മെയ് 23 നുള്ള സന്ദേശങ്ങളാണിവ. ശ്രീലേഖയുടെ നിലപാട് വിവാദമായ സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള മുന്‍പരിചയം വ്യക്തമാക്കുന്ന തരത്തിലുള്ള ആശയവിനിമയമാണ് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്നാണ് ശ്രീലേഖ പറഞ്ഞിരുന്നത്. ഇത് ചര്‍ച്ചയായപ്പോഴാണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സാപ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്.


തന്റെ യുട്യൂബ് ചാനലിനെ കുറിച്ച് ശ്രീലേഖ സംസാരിക്കുന്നതും സമയം കിട്ടുമ്പോള്‍ കാണണമെന്ന് ദിലീപിനോട് നിര്‍ദേശിക്കുന്നതും ചാറ്റിലുണ്ട്. ശ്രീലേഖയോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ദിലീപും സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ദിലീപിന് അനുകൂലമായി അവകാശ വാദങ്ങള്‍ നിരത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.

മുന്‍ ഡിജിപിയുടെ മൊഴിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹാഷ്യൂ വാല്യു മാറിയത് പരിശോധിക്കാന്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ച മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലവും ഇന്ന് കിട്ടിയേക്കും.

യുട്യൂബ് വീഡിയോയുടെ പേരില്‍ ആര്‍ ശ്രീലേഖ ഐപിഎസിനെതിരെ പരാതി. സസ്‌നേഹം ശ്രീലേഖ എന്ന യുട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലേഖ പുറത്തുവിട്ട വീഡിയോയിലെ പരാമര്‍ശങ്ങള്‍ക്കാണ് പരാതിക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രൊഫ. കുസുമം ജോസഫാണ് ശ്രീലേഖയ്‌ക്കെതിരെ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. പള്‍സര്‍ സുനിക്കെതിരെ വേണ്ട നടപടി എടുത്തിരുന്നെങ്കില്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നെന്ന് പരാതിയില്‍ പറയുന്നുണ്ട്.
أحدث أقدم