തൃശൂർ; കോളജിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയയാളെ പൊലീസ് വിട്ടയച്ചതിനെ തുടർന്ന് സംഘർഷം. തൃശൂർ ഗവ.എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. ലാത്തി വീശിയതിനു പിന്നാലെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ അവസാനം പൊലീസ് വഴങ്ങി.
കോളജിലെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ വെറുതവിട്ടതാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. തുടർന്ന് ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസ് അഭ്യർഥിച്ചിട്ടും പിരിഞ്ഞു പോകാതിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശി. എന്നാൽ ഇതോടെ പ്രതിഷേധവും കനത്തു. സ്റ്റേഷൻ മുറ്റത്ത് ക്യാമ്പ് ചെയ്ത വിദ്യാർത്ഥികളുടെ ആവശ്യം ഒടുവിൽ പൊലീസ് അംഗീകരിക്കുകയായിരുന്നു.
വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണെന്ന് വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് വിദ്യാർഥികൾ പിരിഞ്ഞുപോയി. ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.