കുവൈറ്റ് സിറ്റി: കുവൈറ്റിലെ അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ മുന്‍ വിദേശകാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ ശെയ്ഖ് മുഹമ്മദ് സബാഹ് സാലിം അസ്സ്വബാഹിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അറബി ദിനപ്പത്രമായ അല്‍ ഖബസാണ് ഇദ്ദേഹത്തെ അടുത്ത കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ചതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രധാനമന്ത്രി പദത്തിലേക്ക് ഇദ്ദേഹത്തെ നിയമിച്ചു കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ മന്ത്രിമാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അമീര്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ അമീര്‍ ശെയ്ഖ് സബാഹ് അല്‍ സാലിം അല്‍ സബാഹിന്റെ മകനാണ് ശെയ്ഖ് മുഹമ്മദ് സബാഹ് സാലിം. 2003 മുതല്‍ 2011 വരെ കുവൈറ്റിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം. 10 വര്‍ഷത്തോളം അമേരിക്കയിലെ കുവൈറ്റ് അംബാസഡറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് രാജിവെച്ചത്. അതിനു ശേഷം കാവല്‍ മന്ത്രിസഭയാണ് രാജ്യത്തുള്ളത്. പുതിയ പാര്‍ലമെന്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കഴിഞ്ഞമാസം അമീര്‍ ആഹ്വാനം ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കേണ്ടതിനാല്‍ താമസിയാതെ അവരെ നയിമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് വിലിയരുത്തപ്പെടുന്നത്.