ദുര്‍ഗാപൂര്‍ :സാധാരണഗതിയില്‍ ഗര്‍ഭനിരോധനമാര്‍മായി ഉപയോഗിക്കുന്നതാണ് കോണ്ടം .എന്നാലിതിന്‍റെ വ്യത്യസ്തമായതും അപകടപ്പെടുത്തുന്നതുമായ മറ്റൊരു ഉപയോഗം കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു കാരണവശാലും അനുകരിക്കാൻ പാടില്ലാത്ത, അത്രമാത്രം അപകടമുള്ളൊരു സംഗതിയാണിത്.
ബംഗാളിലെ ദുര്‍ഗാപൂര്‍ എന്ന സ്ഥലത്ത് കോണ്ടം വില്‍പന കുത്തനെ കൂടിയതിന് പിന്നാലെ ഇതിനുള്ള കാരണം അന്വേഷിച്ച കടക്കാരാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. ഇപ്പോഴിത് വാര്‍ത്തകളിലും നിറയുകയാണ്.
കോളേജ് വിദ്യാര്‍ത്ഥികളടക്കം ദിനംപ്രതി കോണ്ടം വന്ന് വാങ്ങിക്കുന്നവരുടെ എണ്ണം പെട്ടെന്ന് കൂടുകയായിരുന്നു. അസാധാരണമായ വില്‍പനയുടെ കാരണം പിന്നീട് കടക്കാര്‍ അന്വേഷിച്ചു. കോണ്ടം,പ്രത്യേകിച്ച് ഫ്ലേവേര്‍ഡ് കോണ്ടങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കി വച്ച്, ആ വെള്ളം മദ്യത്തിന് പകരം കുടിക്കുകയാണത്രേ ആളുകള്‍.
ഈ വെള്ളം മദ്യത്തിന് പകരമാകുന്നതെങ്ങനെ എന്ന സംശയമാണോ? ഇതിനുള്ള ഉത്തരം വിദഗ്ധര്‍ തന്നെ പറഞ്ഞുതരുന്നു. കോണ്ടം സാധാരണ റബര്‍ ഉത്പന്നമല്ല. മറിച്ച് പോളിമര്‍ ആണ്. ഇത് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുമ്പോള്‍ 'ഹൈഡ്രോളിസിസ്' എന്ന പ്രക്രിയ ഉണ്ടാകുന്നു. ഇതിന്‍റെ ഫലമായി കോണ്ടം മുക്കിവച്ച വെള്ളം ആല്‍ക്കഹോളിക് ആയി മാറുന്നു. ഇത് മദ്യത്തിന് സമാനമായ ലഹരി നല്‍കുന്നു.
എന്നാലിത് ക്രമേണ ജീവന് ഭീഷണിയാകാമെന്നും ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. മദ്യത്തെക്കാള്‍ വിലക്കുറവില്‍, മദ്യപിക്കാൻ സൗകര്യമില്ലാത്ത ഇടങ്ങളില്‍ പോലും ഉപയോഗിക്കാമെന്നതിനാലാണ് കോണ്ടം വച്ചുള്ള ആല്‍ക്കഹോളിന് ആവശ്യക്കാരേറുന്നത്.
കോണ്ടമാണെങ്കില്‍ പ്രിസ്ക്രിപ്ഷനില്ലാതെ തന്നെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങിക്കാൻ ലഭിക്കുന്ന ഉത്പന്നവുമാണല്ലോ. അതിനാല്‍ കാര്യങ്ങളും എളുപ്പം. എന്തായാലും സംഭവം വാര്‍ത്തയായതോടെ വലിയ രീതിയിലാണ് ചര്‍ച്ചകളുയരുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ എന്ത് നടപടിയാണ് അധികൃതര്‍ കൈക്കൊള്ളുകയെന്നത് കണ്ടറിയണം.