മടവൂർ ദേവിക്ക് ദീപാരാധന നടത്താൻ ഭട്ടതിരി മടങ്ങി എത്തിയില്ല; കുടുംബത്തിൽ മരുമകളെ തനിച്ചാക്കി അവസാന യാത്ര, യാഥ്യാർഥ്യം ഉൾക്കൊള്ളാനാകാതെ രേഖ


 പത്തനംതിട്ട: മടവൂർ കളരി ഭദ്രകാളിക്ക് ഉഷ പൂജ അർപ്പിക്കാൻ മുട്ട് ശാന്തിയെ ഏർപ്പാടാക്കി മേൽശാന്തി പോയത് മടങ്ങി വരാൻ കഴിയാത്തിടത്തേക്ക്. ഒപ്പം കുടുംബത്തിൽ മരുമകളെ തനിച്ചാക്കുകയും ചെയ്തുള്ള യാത്ര. ഇതോടെ മരുമകൾ മാത്രമാണ് ഇനി കിളിമാനൂർ മടവൂർ വലംപിരിപിള്ളി മഠത്തിലുള്ളത്. പ്രമേഹ രോഗ ചികിത്സക്കായി പന്തളം കുളനട യിലേക്ക് പോയ ഗൃഹനാഥനും നാഥയും ഭർത്താവും മടങ്ങി വരില്ല എന്ന യാഥ്യാർഥ്യം ഇനിയും ഉൾകൊള്ളാൻ കോട്ടയം തിരുവഞ്ചൂരിൽ നിന്നും വിവാഹത്തിലൂടെ മടവൂരിലെ ഇല്ലത്തേക്ക് എത്തിയ ഐടി ഉദ്യോഗസ്ഥ കൂടി ആയ രേഖ നാരായണ് ആയിട്ടുമില്ല.

ബുധനാഴ്ച പുലച്ചെ എംസി റോഡിൽ അടൂർ ഏനാത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചു് ഉണ്ടായ അപകടത്തിലാണ് മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം വലംപിരിപിള്ളി മഠത്തിൽ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ അന്തർജനം(63) ഏക മകൻ നിഖിൽരാജ്(ബാലു–32) എന്നിവർ മരിച്ചത്. രാവിലെ തന്നെ ജോലിക്ക് പേകേണ്ടതിനാലാണ് ഇവർക്കൊപ്പം രേഖ ഉണ്ടാകാതിരുന്നത്. ഭട്ടതിരിയുടെ പ്രമേഹ ചികിത്സയ്ക്കായി കുളനടയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണു അപകടം ഉണ്ടായത്.രാജശേഖര ഭട്ടതിരി തന്നെയാണ് കാർ ഓടിച്ചിരുന്നത്.

മകൻ നിഖിൽരാജ് മുന്നിലും ഭാര്യ ശോഭ അന്തർജനം പിന്നിലുമായായിരുന്നു യാത്ര. ഇതിൽ ഭട്ടതിരിയും ഭാര്യയും അപകട സ്ഥലത്തുതന്നെ മരിച്ചു. നിഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മടവൂർ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തിൽ 19 വർഷമായി മേൽശാന്തി ആയിരുന്നു ഭട്ടതിരി. ദേവി പൂജ ഒഴിവാക്കിയുള്ള യാത്രകൾ അധികം നടത്താറില്ല. അത്യാവശ്യ ചികിത്സക്കായി പകരക്കാരനെ ചുമതല ഏൽപ്പിച്ചു് പോയപ്പോഴും വൈകിട്ടത്തെ പൂജയ്ക്ക് മടങ്ങി എത്തും എന്നറിയിച്ചാണ് തലേ ദിവസം രാത്രിയിൽ ക്ഷേത്രത്തിൽ നിന്നു മടങ്ങിയത്. പട്ടാഴി സ്വദേശികളായിരുന്നു രാജശേഖര ഭട്ടതിരിയും ഭാര്യ ശോഭ അന്തർജനവും.

പട്ടാഴി കിഴക്കേഭാഗത്ത് മഠത്തിൽ പരേതരായ കൃഷ്ണൻഭട്ടതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനായ ഭട്ടതിരിയും ആലപ്പുറത്ത് മഠത്തിൽ പരേതരായ ത്രിവിക്രമ ഭട്ടതിരിയുടെയും ചന്ദ്രമതി അന്തർജനത്തിന്റെയും മകളായ ശോഭയും തൊഴിലിന്റെ ഭാഗമായാണ് മടവൂരിൽ എത്തിയത്. കോട്ടയം തിരുവഞ്ചൂർ താഴത്തിക്കര മുട്ടത്ത് ഇല്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെയും ഗീത അന്തർജനത്തിന്റെ മകളാണ് നിഖിലിന്റെ ഭാര്യ രേഖ നാരായണൻ. തിരുവനന്തപുരത്ത് എൻവെസ്റ്റ്നെറ്റിലെ ഉദ്യോഗസ്ഥയുമാണ് രേഖ. ഭട്ടതിരിയുടെ സഹോദരപുത്രൻ ബിജു ആണ് അന്തിമ കർമങ്ങൾ നടത്തിയത്.അടൂർ എം.സി. റോഡിൽ ഭട്ടതിരി കുടുംബത്തിന്റേത് ഉൾപ്പടെ 23 അപകട മരണങ്ങൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നടന്നതായി കണക്കുകൾ പറയുന്നു.

أحدث أقدم